പി.കെ ഫിറോസിനെതിരെ ഗുരുതര ആരോപണം; കത്വാ ഫണ്ടിൽ വെട്ടിപ്പെന്ന് സഹപ്രവർത്തകൻ


കോഴിക്കോട്: കത്വ -ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ. ഫിറോസ് ദുർവിനിയോഗം ചെയ്തെന്ന് ആരോപണം. പിരിച്ച തുക വകമാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ മുൻ ദേശീയ സമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരായാണ് യൂസഫ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കത്വ -ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ 20ന് പളളികളിൽ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. പെൺകുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവവും ഉദ്ദേശിച്ചായിരുന്നു ഏകദിന ഫണ്ട് സമാഹരണം. കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കുമില്ല. 15 ലക്ഷം രൂപ പി.കെ. ഫിറോസിന്റെ യാത്രയുടെ കടം തീർക്കാൻ ഉപയോഗിച്ചെന്നും സി.കെ. സുബൈർ പല ഉത്തരേന്ത്യൻ യാത്രകൾ നടത്താൻ ഈ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നുമാണ് യൂസഫ് പടനിലം ആരോപിക്കുന്നത്. ഇത് പുറത്തുപറയാതിരിക്കാൻ തനിക്കെതിരേ ഭീഷണികൾ ഉണ്ടെന്നും യൂസഫ് പറയുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളളവർക്കുമുന്നിൽ ഈ പ്രശ്നം അവതരിപ്പിച്ചിരുന്നു. ആറുമാസത്തിനുളളിൽ പ്രശ്നം പരിഹരിക്കാമെന്ന് കഴിഞ്ഞ വർഷം തന്നെ പറഞ്ഞിരുന്നു. എന്നാൽ ഒരു തരത്തിലും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊതുമധ്യത്തിലെത്തുന്നതെന്നാണ് യൂസഫ് പറയുന്നത്. പഞ്ചാബ് മുസ്ലീം ഫെഡറേഷനാണ് ഉന്നാവോ-കത്വ സംഭവങ്ങളിൽ കേസ് നടത്തിപ്പിന്റെ ചുമതല

കത്വ പെൺകുട്ടിയുടെ കുടുംബത്തിന് ഫണ്ട് കൈമാറിയില്ല എന്ന ആരോപണം ശരിവെച്ച് യൂത്ത് ലീഗ് മുൻ ദേശീയ വൈസ് പ്രസിഡണ്ട് പാണക്കാട് മൊയിൻ അലി തങ്ങൾ. പി.കെ.കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ ശ്രദ്ധയിൽ സംഭവം എത്തിച്ചെങ്കിലും നടപടി ഉണ്ടായില്ല. ചോദ്യം ചെയ്യുന്നവരെ കുറ്റക്കാരനാക്കുന്ന സമീപനമാണ് നേതാക്കൾക്കുളളതെന്നും കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ കണക്ക് അവതരിപ്പിച്ചിട്ടില്ല എന്നും മോയിൻ അലി തങ്ങൾ പറഞ്ഞു.

വരും ദിവസങ്ങളിൽ യൂത്ത് ലീഗിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ആരോപണങ്ങളാണ്. യൂത്ത് ലീഗ് മുൻ നേതാക്കൾ മാധ്യമങ്ങൾക്ക് മുമ്പിൽ പുറത്ത് വിട്ടത്.

തനിക്കതിരായ അഴിമതി ആരോപണത്തിന് പ്രതികരണവുമായി പി കെ ഫിറോസ് രംഗത്ത് വന്നു. തന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് അക്കൗണ്ടിലൂടെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണത്തിന് ഫിറോസ് മറുപടി നല്‍കിയത്. യൂസഫ് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ആളാണെന്നും ആ ദുഷ്പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങളെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ സി.എച്ച് സെന്ററിനെതിരെയുള്ള ആരോപണം ക്ലച്ച് പിടിക്കാതെ പോയപ്പോഴാണ് കത്വ വിഷയത്തില്‍ തനിക്കെതിരെ ആരോപണവുമായി വന്നത്. തനിക്കെതിരെയുള്ള ആരോപണം ശുദ്ധ അസംബന്ധമാണെന്നും ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയത്തില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നട്ടാല്‍ കുരുക്കാത്ത ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന ചിലരുണ്ട്. എന്നാല്‍ കത്വ പെണ്കുട്ടിയ്ക്ക് സഹായഹസ്തം നീട്ടിയതിനെപ്പോലും നീചമായ ഒരാരോപണത്തിലേക്ക് വലിച്ചിഴച്ചത് വൃത്തികെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. വരും ദിസവങ്ങളില്‍ അഭിഭാഷകരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഫിറോസ് പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക