പുറക്കാട് – തുറയൂർ റോഡ് തകർന്നു; ഗതാഗതം ദുഷ്കരം


തിക്കോടി: പുറക്കാടു നിന്ന് തുറയൂരിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌ക്കരമായി. തിക്കോടി തുറയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന രണ്ടര കി.മീ. റോഡാണ് തകരാറിലായത്. റോഡിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും ചില സ്ഥലങ്ങളില്‍ ഭാഗികമായും തകര്‍ന്ന അവസ്ഥയിലാണ്. റോഡിന്റെ ചിലയിടങ്ങളില്‍ ഉപരിതലം അടര്‍ന്ന് വന്‍കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

റോഡ് പൊട്ടിപ്പൊളിഞ്ഞത് കാരണം കാല്‍നടയാത്ര പോലും പ്രയസമാകുന്ന അവസ്ഥയിലാണ്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധവും ശക്തമാണ്.

പുറക്കാട് കെട്ടുമ്മല്‍ ഭാഗത്തുനിന്ന് സഞ്ചരിക്കുമ്പോള്‍ ഒരു കിലോ മീറ്റര്‍ പിന്നിട്ട ശേഷമാണ് ഉപരിതലം അടര്‍ന്ന് വന്‍കുഴികള്‍ രൂപപ്പെട്ടത്. ഓട്ടോകള്‍ അടക്കം സര്‍വിസ് ഇല്ലാത്ത ഇവിടെ ഇപ്പോള്‍ ഇരുചക്രവാഹനങ്ങള്‍പോലും ഓടിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുഴികളിലൂടെ യാത്രചെയ്ത് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതും പതിവായി.

രണ്ടു വര്‍ഷത്തിലധികമായി റീ ടാറിങ്ങും കുഴികളടക്കല്‍ പ്രവൃത്തിയും നടത്തിയിട്ടില്ല. തുറയൂര്‍ മണിയൂര്‍ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് കൊയിലാണ്ടി ആനക്കുളം വഴി ദേശീയപാതയില്‍ എത്താനുള്ള എളുപ്പവഴി കൂടിയാണിത്. മഴക്കാലത്തിന് മുമ്പെങ്കിലും റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക