അമ്മോട്ടി ഹാജി, കൊയിലാണ്ടിയിലെ ഒരു കമ്യൂണിസ്റ്റിന്റെ ജീവിത സമരങ്ങൾ


കൊയിലാണ്ടി: നടേരി മേഖലയിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ അമ്മോട്ടി ഹാജിയുടെ വിയോഗം കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു നാടിന് തന്നെ തീരാ നഷ്ടമാണ്. തന്റെ ഇടപെടലുകളിലൂടെ ഒരു പ്രദേശത്തെ സാമൂഹിക അന്തരീക്ഷം ജനകീയമാക്കുന്നതിന് അമ്മോട്ടി ഹാജിയുടെ പങ്ക് വളരെ വലുതാണ്.

യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചോട് ചേര്‍ത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ചെറുപ്പം മുതലേ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കൊപ്പ മായിരുന്നു അദ്ദേഹത്തിന് കൂട്ട്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ക്കൊപ്പമാണ് എന്നും അമ്മോട്ടി ഹാജി നിലനിന്നിരുന്നത്.

രാഷ്ടീയത്തിനതീതമായി എല്ലാവരോടും വ്യക്തി ബന്ധം സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് അമ്മോട്ടി ഹാജി. സാമൂഹ്യ സേവനവും ദാനശീലവും തന്റെ വ്യക്തി ജീവിതത്തില്‍ മുഴുവന്‍ അദ്ദേഹം കൊണ്ടു നടന്നു. സാമ്പത്തികമായി മുന്നോക്ക കുടുംബത്തില്‍ അല്ല ജനിച്ചതെങ്കിലും പ്രവാസിയായി കഠിനാധ്വാനത്തിലൂടെ സാമ്പത്തിക ഉയർച്ച നേടാനും ഭൂസ്വത്ത് സമ്പാദിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മറ്റുള്ളവര്‍ വാഹനങ്ങള്‍ സ്വപ്‌നം കാണുന്ന കാലത്ത് രാജദൂത് ബുള്ളറ്റിൽ അദ്ധേഹം നടേരിയിലൂടെ യാത്ര ചെയ്യുന്നത് അക്കാലത്തെ കൗതുക കാഴ്ചയായിരുന്നു.

തന്റെ സമ്പാദ്യത്തില്‍ നിന്നും നാടിന്റെ വികസനത്തിനായി ഒരു പങ്ക് നല്‍കാനും അമ്മോട്ടി ഹാജി മറന്നിരുന്നില്ല. കാവുംവട്ടത്തുള്ള ചാലില്‍ അംഗനവാടിക്കും, രാമപ്പാട് അംഗനവാടിക്കും കെട്ടിടം നിര്‍മ്മിക്കാൻ അമ്മോട്ടി ഹാജിയാണ് സൗജന്യമായി മൂന്ന് സെന്റ് വീതം സ്ഥലം വിട്ടുനൽകിയത്. മൂഴിക്ക്മീത്തലിൽ പാർട്ടിക്ക് ഓഫീസ് നിർമ്മിക്കാൻ സ്ഥലം ആവശ്യമായി വന്നപ്പോഴും ആശ്രയം അമ്മോട്ടി ഹാജിയായിരുന്നു. അദ്ധേഹം സൗജന്യമായി നൽകിയ സ്ഥലത്താണ് പാർട്ടി ഓഫീസ് നിർമ്മിച്ചത്. പ്രദേശത്തെ നിരവധി റോഡുകൾക്കായും യാതൊരു മടിയുമില്ലാതെ അദ്ദേഹം സൗജന്യമായി സ്ഥലം നല്‍കി.

തനിക്ക് ശരിയെന്ന് തോനുന്ന കാര്യങ്ങള്‍ വലുപ്പ ചെറുപ്പമോ സ്ഥാന മാനങ്ങളോ നോക്കാതെ ആരോടും തുറന്നു പറയാന്‍ അദ്ദേഹത്തിന് ഭയമില്ലായിരുന്നു. ഒരു നാണയത്തിന്റെ ഇരു വശം പോലെ, തനിക്ക് തെറ്റു പറ്റി എന്ന് ബോധ്യപ്പെട്ടാല്‍ അതിന് ആരോടും കുറ്റ സമ്മതം നടത്താനും അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. ഒരേ സമയം ദേഷ്യക്കാരനും സ്‌നേഹനിധിയുമാണ് അമ്മോട്ടി ഹാജി.

നാട്ട്പ്രമാണിമാരുടെ ആധിപത്യം നിലനിന്നിരുന്ന നടേരിയിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് ധൈര്യവും സഹായവുമായിരുന്നു തന്റേടിയായ അമ്മോട്ടി ഹാജി. സമ്പന്ന പ്രമാണിമാരുടെ ധാർഷ്ട്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം സമൂഹത്തില്‍ നിലനിന്നിരുന്ന അനീതിക്കെതിരെ കായികപരമായും മല്ലിട്ടിട്ടുണ്ട്. നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ എന്ത് പരിപാടിയുണ്ടെങ്കിലും വേദിയിൽ അമ്മോട്ടി ഹാജിക്ക് ഒര് കസേരയുണ്ടാവും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ ഒന്നും വഹിച്ചിരുന്നില്ലെങ്കിലും കൊയിലാണ്ടിയിലെ പാർട്ടി നേതാക്കളുമായും ജില്ലയിലെ പഴയകാല നേതാക്കളായിരുന്ന എം.കേളപ്പന്‍, യു.കുഞ്ഞിരാമന്‍, കേളു ഏട്ടന്‍ ഉള്‍പ്പെടെയുള്ളവരുമായി നല്ല വ്യക്തി ബന്ധവും അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. നടേരി മേഖലയിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കര്‍ഷകസംഘം പ്രവര്‍ത്തകനായ അമ്മോട്ടി ഹാജി, മിച്ചഭൂമി സമരം, ഭക്ഷ്യ സമരം ഉള്‍പ്പടെ നിരവധി സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. മരണപ്പെടുമ്പോൾ സിപിഐഎം നടേരി മൂഴിക്ക്മീത്തല്‍ ബ്രാഞ്ച് അംഗമാണ് അമ്മോട്ടി ഹാജി.