പുളിയഞ്ചേരിക്കാരൻ വിജേഷ് മിസ്റ്റർ കോഴിക്കോട്


കൊയിലാണ്ടി: മിസ്റ്റർ കോഴിക്കോടായി പുളിയഞ്ചേരി സ്വദേശി വിജേഷ് (36) തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ചാമ്പ്യൻഷിപ്പിലാണ് വിജേഷ് ഒന്നാമതെത്തിയത്. 80 കിലോഗ്രാം സീനിയർ വിഭാഗത്തിലാണ് വിജേഷ് മത്സരിച്ചത്.

ശനിയാഴ്ച രാവിലെ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടന്നത്. ജില്ല ചാമ്പ്യനായതോടെ നാളെ നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് വിജേഷ് യോഗ്യത നേടി.

വർഷങ്ങളായുള്ള ചിട്ടയായ പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് വിജേഷിന് ഈ നേട്ടം കൈവരിക്കാനായത്. കൊയിലാണ്ടി ന്യൂ വേൾഡ് ജിമ്മിലാണ് വിജേഷ് പരിശീലനം നടത്തുന്നത്. പയ്യോളി പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറാണ് വിജേഷ്. പുളിയഞ്ചേരി പ്രശാന്തിയിൽ കുഞ്ഞികൃഷ്ണന്റെയും പ്രേമലതയുടെയും മകനാണ്. ഭാര്യ: ആതിര. മകൾ: വേദിക.