ബാലുശ്ശേരി സ്റ്റേഷനിൽനിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി പിടിയിൽ


ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽനിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയ കഞ്ചാവുകേസ് പ്രതി പിടിയിലായി. പേരാമ്പ്ര സ്വദേശി മുഹമ്മദ് സറീഷ്, 21 വയസ്സ് ആണ് പിടിയിലായത്. പ്രത്യേക പോലീസ് അന്വേഷണ സംഘം പൊന്നാനിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആൾട്ടോ കാറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ 4200 ഗ്രാം കഞ്ചാവുമായി ബാലുശ്ശേരി ടൗണിനടുത്തുവെച്ചാണ് പോലീസ് മുഹമ്മദ്‌ സറീഷിനെയും മുഹമ്മദ്‌ ഹർഷാദിനെയും നാലുദിവസം മുൻപ് പിടികൂടിയത്. പ്രതികളെ വീഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുന്നതിനായി പോലീസ് സ്റ്റേഷന്റെ മുറ്റത്ത് നിർത്തിയപ്പോഴാണ് ഇരുവരും ഓടിരക്ഷപ്പെട്ടത്.

മുഹമ്മദ്‌ ഹർഷാദിനെ ഉടൻ പിടികൂടിയെങ്കിലും പോലീസുകാരനെ തട്ടിവീഴ്ത്തി ഓടിരക്ഷപ്പെട്ട മുഹമ്മദ്‌ സറീഷിനുവേണ്ടി നാലുദിവസമായി ബാലുശ്ശേരി പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പൊന്നാനിയിൽനിന്ന് പിടികൂടിയത്. സറീഷിന്റെ കാമുകി പൊന്നാനിയിലെ ഒരു മതസ്ഥാപനത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയാണ് പോലീസ് അങ്ങോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പൊന്നാനി പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

പൊന്നാനിയിൽനിന്ന് ബാലുശ്ശേരിയിൽ കൊണ്ടുവന്ന പ്രതിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

കഞ്ചാവ് കടത്തിയ കേസ് കൂടാതെ പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഓടിരക്ഷപ്പെട്ടതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമരശ്ശേരി ഡി.വൈ.എസ്.പി ഇ.പി.പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽപ്പെട്ട എസ്.ഐ.മധു, എ.എസ്.ഐ.മാരായ പൃഥ്വിരാജ്, സജീവൻ, റഷീദ്, ഡ്രൈവർ ഗണേശൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.