യുഡിഎഫിന്റെ അരി പിടിക്കൽ നാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്


കൊയിലാണ്ടി: യുഡിഎഫ് നടത്തിയ അരി പിടിക്കൽ നാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ഏതുവിധേനയും തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായി ഓടിത്തളരുന്ന യുഡിഎഫ് ചൊവ്വാഴ്ച കളിച്ച അരി പിടിക്കൽ നാടകം വേറിട്ടതായി. കുട്ടികൾക്ക് കൊടുക്കാനായി സ്കൂളുകളിലേക്ക് കൊണ്ടു പോകുന്ന മോശമായ അരി തങ്ങൾ ഗോഡൗണിന് സമീപം പിടിച്ചു വച്ചിരിക്കുന്നു എന്ന് പറഞ്ഞ് ചാനലുകളടക്കമുള്ള മാധ്യമ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. മോശമായ അരി നിറച്ച ഒരു ലോറി എല്ലാവരും കാണുകയും ചെയ്തു.

സപ്ലൈകോ ഡിപ്പോ മാനേജരെ കണ്ടപ്പോഴാണ് യഥാർത്ഥ വിവരം അറിയുന്നത്. സ്കുളിലേക്ക് കൊടുക്കാനായി എല്ലാ മാസവും ഡിപ്പോയിലേക്ക് തുടർച്ചയായി അരി വരാറുണ്ട്. സ്കൂളുകൾ ഇല്ലാത്തതിനാൽ സ്കൂളുകളിലേക്ക് അരി കൊടുക്കാറുമില്ല. ഡിപ്പോകളിൽ സ്റ്റോക്കുള്ള ഇത്തരം അരി ഉടൻ മിൽക്ലീനിംഗ് നടത്തണമെന്നും ക്ലീൻ ചെയ്ത അരി ഭക്ഷ്യ വിഭാഗം പരിശോധിച്ചതിനു ശേഷം മാത്രം വിതരണം ചെയ്യേണ്ടതാണെന്നും ഡിപ്പാർട്ട്മെൻ്റിൻ്റെ ഓർഡർ വന്നിരുന്നു.

ഈ ഓർഡർ പ്രകാരം ഒരു ലോഡ് അരി ക്ലീൻ ചെയത് തിരിച്ചെത്തിച്ചിരുന്നു. രണ്ടാമത് ലോഡ് അരി മില്ലിലേക്ക് കൊണ്ടു പോകുമ്പോഴാണ് യുഡിഎഫുകാർ നാടകവുമായി വന്നത്. ക്ലീൻ ചെയ്ത് തിരിച്ചെത്തിച്ച അരി ഒന്നാന്തരമാണെന്ന് കണ്ടവർക്കെല്ലാം ബോധ്യമായെങ്കിലും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞ പ്രസ്താവനയെ തങ്ങൾക്ക് സാധൂകരിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് തങ്ങൾ തടഞ്ഞുവച്ച അരി കൊണ്ടു പോകുന്നത് തൽക്കാലം ഒഴിവാക്കി തരണമെന്നും നേതാക്കൾ അധികൃതരോട് ആവശ്യപ്പെട്ടതായാണ് വിവരം.