രണ്ട് വർഷം മുൻപ് പണിത ഓവുചാൽ പൊളിച്ച് പണിയണമെന്ന് ഒരുവിഭാഗം നാട്ടുകാർ; വൈദ്യരങ്ങാടി – കാവുംവട്ടം റോഡിന്റെ നിർമ്മാണം തടസ്സപ്പെട്ടു


കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി കാവുംവട്ടം കൊയിലാണ്ടി റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ആഴാവില്‍താഴ ഭാഗത്ത് തടസ്സപ്പെട്ടു. ആഴാവില്‍ താഴ ഭാഗത്ത് നിലവിലുളള ഓവുചാല്‍ പൊളിച്ചു മാറ്റി പുതുക്കി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡ് പണി തടഞ്ഞതിനെ തുടര്‍ന്നാണിത്.

ഓവു ചാല്‍ പുതുക്കി പണിതില്ലെങ്കില്‍ റോഡിന് ഉദ്ദേശിച്ച വീതി കിട്ടില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ റോഡ് പണി തടഞ്ഞത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് പണിത ഓവുചാല്‍ പൊളിച്ചു പുതുക്കി പണിയാന്‍ ഫണ്ടില്ലെന്ന് റോഡ് പണി കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതരും പറഞ്ഞു. ഇതോടെ റോഡ് നിര്‍മ്മാണം അനിശ്ചതത്വത്തിലായിരിക്കുകയാണ്.

കൊയിലാണ്ടി മണമല്‍ ഭാഗത്ത് നിന്നും തുടങ്ങി അണേല കാവുംവട്ടം മൂഴിക്കുമീത്തല്‍ പറേച്ചാല്‍ ആഴാവില്‍താഴ,വൈദ്യരങ്ങാടി വരെ 10 കി.മീറ്റര്‍ നീളത്തിലാണ് റോഡ് നവീകരിക്കുന്നത്. ഇതിന് കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് അനുവദിച്ച 10 കോടി രൂപയാണ് വിനിയോഗിക്കുന്നത്. മണമല്‍ മുതല്‍ കാവുംവട്ടം വരെ രണ്ട് ഘട്ടത്തില്‍ ടാറിംങ്ങ് പ്രവൃത്തി പൂര്‍ത്തിയായി. കാവുംവട്ടം മുതല്‍ മുത്താമ്പി വരെയുളള റീച്ചിലാണ് പണി തടസ്സപ്പെട്ട് കിടക്കുന്നത്.

ഇവിടെ ആഴാവില്‍ താഴ ഭാഗത്ത് 400 മീറ്റര്‍ ഭാഗം ഒഴിച്ചുളള സ്ഥലത്ത് ആദ്യഘട്ട ടാറിംങ്ങ് പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ട ടാറിംങ്ങ് അടുത്ത ആഴ്ച തന്നെ നടത്തും. ഇതിനിടയില്‍ 69 ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റേണ്ടതുണ്ട്. അരിക്കുളം കെ.എസ്.ഇ.ബി സെക്ഷന് കീഴിലുളള പോസ്റ്റുകള്‍ മാറ്റി കഴിഞ്ഞു. കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ പോസ്റ്റുകല്‍ മാറ്റാതെ കിടക്കുകയാണ്. അടിയന്തിരമായി പണി തീര്‍ക്കേണ്ടതിനാല്‍ രണ്ടാംഘട്ട ടാറിംങ്ങ് ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ഊരളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.

ആഴാവില്‍ താഴത്ത് ഓവു ചാല്‍ പുതുക്കി പണിയാന്‍ പുതിയ ഫണ്ട് അനുവദിക്കേണ്ടി വരുമെന്നാണ് കരാറുകാര്‍ പറയുന്നത്. ഇക്കാര്യം കെ.ദാസന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഓവുചാല്‍ പുതുക്കി പണിയാതെ റോഡ് പണി തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.