വിധിയെഴുതാന്‍ ഇനി മൂന്ന് നാള്‍, കൊയിലാണ്ടിയുടെ ചായവ് ഇടത്തേക്കോ വലത്തേക്കോ


കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നു നാള്‍ മാത്രം. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം. 13 ല്‍ നാലിടത്ത് എല്‍ഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനും മുന്‍തൂക്കമുണ്ട്. ബാക്കി മണ്ഡലങ്ങളില്‍ സ്ഥിതി പ്രവചനാതീതം. മുന്‍തൂക്കം പ്രവചിക്കപ്പെട്ട മണ്ഡലങ്ങളില്‍ പോലും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം മാറ്റി മറിച്ചേക്കാം.

പഴയ യുഡിഎഫ് കോട്ടയായിരുന്ന കൊയിലാണ്ടിയില്‍ തുടര്‍ച്ചയായി 3 തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇടതുപക്ഷം. മുന്നണിയുടെ കരുത്തിനൊപ്പം കാനത്തില്‍ ജമീലയുടെ ജനകീയിയതയിലും എല്‍ഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും 5 വര്‍ഷം മണ്ഡലം കേന്ദ്രീകരിച്ചു നിലയുറപ്പിച്ച എന്‍.സുബ്രഹ്‌മണ്യന്റെ പടപ്പുറപ്പാടിലാണ് യുഡിഎഫിന്റെ കരുത്ത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കടലോരമുള്ള മണ്ഡലത്തിലെ തീരദേശ വോട്ടര്‍മാര്‍ നിര്‍ണായകമാണ്. ന്യൂനപക്ഷ വോട്ടുകളും വിധിയെ സ്വാധീനിക്കും.