സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയ രജില്‍ കെ.സിയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു


പേരാമ്പ്ര: കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2020ല്‍ മികച്ച ടെലിഫിലിം സംവിധായകനും തിരക്കഥാകൃത്തുമായി തിരഞ്ഞെടുക്കപ്പെട്ട രജില്‍ കെ. സി യെ ഡി.വൈ.എഫ്.ഐ കുത്താളി മേഖല കമ്മറ്റി അനുമോദിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.കെ അജീഷ് മാസ്റ്റര്‍ ഉപഹാരം നല്‍കി ബ്ലോക്ക് സെക്രട്ടറി എം. എം ജിജേഷ് ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ സി.കെ രൂപേഷ്, കെ പ്രിയേഷ് മേഖല സെക്രട്ടറി എ. എം വികാസ് പ്രസിഡണ്ട് അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

‘കള്ളന്‍ മറുത’ എന്ന ഷോര്‍ട്ട് ഫിലിമാണ് രജിലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച ഹ്രസ്വചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, കഥ, നിര്‍മ്മാണം, ക്യാമറ, ഡബ്ബിങ് എന്നിങ്ങനെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ ഏഴു പുരസ്‌കാരങ്ങളാണ് ഈ ഷോര്‍ട്ട് ഫിലിം സ്വന്തമാക്കിയത്.

പ്രസക്തമായ ഒരു സബ്ജക്ട് ഫാന്റസി ത്രില്ലര്‍ യോണറില്‍ എങ്ങനെ അവതരിപ്പിക്കാമെന്ന ചലഞ്ചാണ് കള്ളന്‍ മറുതയിലൂടെ തങ്ങള്‍ ഏറ്റെടുത്തതെന്ന് രജില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരു മുത്തശ്ശിക്കഥയിലൂടെ ഒരു ആറുവയസുകാരിയുടെ ഭാവനയില്‍ അവള്‍ കാണുന്ന കാഴ്ചകളാണ് കള്ളന്‍മറുതയുടെ ഇതിവൃത്തം. കാടിനെ ഭയപ്പെടുത്തുന്ന മറുതയെന്ന കള്ളനെക്കുറിച്ചും അയാള്‍ ഒരു ഘട്ടത്തില്‍ നേരിടേണ്ടിവന്ന ദാസന്‍ പെരുവണ്ണാന്‍ എന്ന സാധാണക്കാരനെക്കുറിച്ചുമുള്ള കഥയാണ് കള്ളന്‍ മറുത. മുത്തശ്ശിക്കഥയുടെ ഭ്രമകല്പനകളാണ് ഈ കുട്ടിയുടെ ഭാവനയിലൂടെ കള്ളന്‍മറുതയായിട്ടും ദാസന്‍ പെരുമണ്ണാനായിട്ടും എട്ടുമിനിറ്റുള്ള ഈ ഷോര്‍ട്ട്ഫിലിമില്‍ കാണാന്‍ കഴിയുന്നത്.

കഴിഞ്ഞ പത്തുവര്‍ഷമായി സിനിമാ മേഖലയില്‍ സജീവമാണ് രജില്‍. നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കക്ഷി അമ്മിണിപ്പിള്ളയെന്ന ചിത്രത്തിലാണ് അവസാനമായി വര്‍ക്കു ചെയ്തത്. ഒപ്പം കെ.സി ആര്‍ട്‌സ് എന്ന പേരില്‍ ആര്‍ട്ട് ഫിലിം കമ്പനി നടത്തുന്നുണ്ട്. കേരള ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനും മറ്റും വേണ്ടി നിരവധി ആര്‍ട്ട് ഫിലിമുകള്‍ ഈ കമ്പനി ചെയ്തിട്ടുണ്ട്. പേരാമ്പ്ര കൂത്താളി സ്വദേശിയാണ്.

തെയ്യം എന്ന അനുഷ്ഠാനകലയെ വൃതാനുഷ്ഠാനത്തിലൂടെ കൃത്യമായി പഠിച്ചുകൊണ്ടാണ് കള്ളന്‍ മറുതയെന്ന ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്. തെയ്യം കലാകാരനായി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത് അര്‍ജുന്‍ സാരംഗിയാണ്. പന്നിക്കോട്ടൂരും പെരുവണ്ണാമൂഴി ഡാം സൈറ്റിലും വെച്ചുകൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.