മായം ചേര്‍ത്ത ശര്‍ക്കര വില്‍പ്പന നടത്തി: താമരശ്ശേരിയില്‍ വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും


താമരശ്ശേരി: മായം ചേര്‍ത്ത ശര്‍ക്കര വില്‍പന നടത്തിയതിന് താമരശ്ശേരിയില്‍ വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ട് എന്ന സ്ഥാപനത്തിനെതിരെയാണ് താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിന്‍ ബി എന്ന നിറം ചേര്‍ത്ത ശര്‍ക്കര വിറ്റുവെന്നാണ് കുറ്റം. ഇത്തരത്തിലുള്ള അനുവദനീയമല്ലാത്ത രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

വ്യാപാരികള്‍ ഇത്തരം വസ്തുക്കള്‍ വരുന്ന ചാക്കില്‍ ലേബല്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകള്‍ സൂക്ഷിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ ലാബ് റിസള്‍ട്ടുകളില്‍ റോഡമിന്‍ സാന്നിധ്യം എന്‍ഫോര്‍സ്‌മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നതായും അറിയിച്ചു.

2020 ജനുവരി 11ന് അന്നത്തെ ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോ. സനിന മജീദാണ് റോയല്‍ ബിഗ് മാര്‍ട്ടില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചത്. തുടര്‍ന്ന് ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫിസര്‍ രേഷ്മ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

summary: A trader in Thamarassery will be fined Rs 2 lakh and imprisoned for selling adulterated jaggery