കണ്ണൂര്‍ തോട്ടടയിലും മട്ടന്നൂരിലും കൂത്തുപറമ്പിലുമായി മൂന്ന് ബസ് അപകടങ്ങള്‍; ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്


കണ്ണൂര്‍: കണ്ണൂരില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചയും രാവിലെയുമായുണ്ടായ മൂന്ന് ബസ് അപകടങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടു പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ തോട്ടടയിലും, മട്ടന്നൂര്‍ കുമ്മാനത്തും കൂത്തുപറമ്പ് കൈതേരിയിലുമാണ് അപകടങ്ങള്‍ നടന്നത്.

തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. എന്നാല്‍ കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മട്ടന്നൂര്‍ കുമ്മാനത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചത്. പാലോട്ടുപള്ളി വിഎംഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

തോട്ടടയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ 12.45 ഓടെയാണ് ഈ അപകടം. മംഗളൂരുവില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സ് സ്ലീപ്പര്‍ ബസും തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ് തല കീഴായി മറിഞ്ഞു. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അതേസമയം, കൂത്തുപറമ്പിലുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ബസ് കണ്ണൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.