പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിനെ പഴങ്കഥയാക്കാന്‍ ബൈപ്പാസ്; മനോഹരമായ ആകാശദൃശ്യം കാണാം (വീഡിയോ)


പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് ഈ മാസം 30ന് യാഥാര്‍ത്ഥ്യമാവും. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. പണികള്‍ അവസാനിച്ചതോടെ മനോഹരമായ റോഡിന്റെ ആകാശ കാഴ്ച്ച തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍.

പേരാമ്പ്രയുടെ ഹൃദയഭാഗത്തുകൂടെ കടന്നു പോവുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ ടൗണിലെ നിരന്തരമായുണ്ടായിരുന്ന ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണുണ്ടാവാന്‍ പോവുന്നത്. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ബൈപ്പാസ് എന്നത്.

സംസ്ഥാനപാതയില്‍ കല്ലോട് എല്‍.ഐ.സി. ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി കക്കാട് വരെയാണ് പുതിയ ബൈപ്പാസ്. വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നീ റോഡുകള്‍ക്ക് കുറുകെയാണ് പാത കടന്നുപോകുന്നത്. 59.44 കോടിയുടെ ഭരണാനുമതിയുള്ള പദ്ധതിയുടെ നിര്‍മാണച്ചുമതല കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ്.

12 മീറ്റര്‍ വീതിയില്‍ 2.768 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ്. ബി.എം, ബി.സി. നിലവാരത്തില്‍ ടാറിങ് നടത്തുന്ന റോഡിനുമാത്രം ഏഴുമീറ്റര്‍ വീതിയാണുള്ളത്. റോഡ് നാര്‍മ്മാണത്തിന്റെ കരാറുകാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ്. മാര്‍ച്ച് അവസാനത്തോടെ തന്നെ റോഡിന്റെ അവസാനഘട്ട ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു.

വീഡിയോ കാണാം:

summary: Sky view of the newly constructed Perambra Bypass to solve the traffic block at Perambra