”എല്ലാം ഉണ്ടായിട്ടും എല്ലാവരും ഉണ്ടായിട്ടും ബാലേട്ടന്റെ യാത്ര തനിച്ചായിരുന്നു, ഒടുക്കം നിഷ്‌കളങ്കമായ ആ മുഖവും കോടികളുടെ ഭൂസ്വത്തും ബാക്കിയാക്കി ആ യാത്ര അവസാനിപ്പിക്കുകയും ചെയ്തു” കഴിഞ്ഞദിവസം അന്തരിച്ച അരിക്കുളം സ്വദേശി ബാലനെക്കുറിച്ച് രഞ്ജിത്ത് ടി.പി എഴുതുന്നു


തിരക്കു പിടിച്ച യാത്രക്കിടയില്‍ അരിക്കുളത്തെ ഏതെങ്കിലും കടവരാന്തയിലോ ബസ് സ്റ്റോപ്പിലോ ബാലേട്ടനെ കാണാത്തവരായി ആരുമുണ്ടാവില്ല…. അല്‍പനേരം കൊണ്ട് മാഞ്ഞു പോവുന്ന ഒരു കാഴ്ച മാത്രമായിരുന്നു നമുക്കത്… ചെറുപ്പകാലം മുതല്‍ ബാലേട്ടനെ നിങ്ങളും ഞാനും കണ്ടിട്ടുണ്ട് അറിഞ്ഞിട്ടുണ്ട്.. ചിലപ്പോ ക്ഷോഭിച്ച് മറ്റ് ചിലപ്പോ ശാന്തനായും അദ്ദേഹത്തെ കാണാം.

ചെറിയ വൈകല്യമുള്ള ഒരു കാലില്‍ ചെരുപ്പ് പാകത്തില്‍ സ്വയം മുറിച്ചെടുത്ത് ചൂടി കൊണ്ട് കാലില്‍ വരിഞ്ഞ് കെട്ടി തലയില്‍ ഒരു തോര്‍ത്തും കെട്ടി, മടിക്കുത്തില്‍ ബീഡിയും തീപ്പെട്ടിയും തിരുകി ഒരു വടിയും ഊന്നി നടന്നു പോവുന്ന ബാലേട്ടന്‍ ചിലരുടെയെങ്കിലും മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടാവാം.. പ്രകൃതം കൊണ്ട് ആരുമില്ലാത്തവനാണെന്ന് തോന്നിക്കുമെങ്കിലും അദ്ദേഹം അനാഥനായിരുന്നില്ല ബാലേട്ടന് എല്ലാവരുമുണ്ട്….. സ്വന്തമായി ഭൂമിയുണ്ട്., ബന്ധുക്കളുണ്ട്.

അരിക്കുളത്തെ പഴയ കാര്‍ത്തിക ടാക്കീസിനടുത്ത് കാട് പിടിച്ചു നില്‍ക്കുന്ന ഭൂമി അദ്ദേഹത്തിന്റേതാണ്.. ബാലേട്ടന് അതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. സമ്പത്ത് ബാലേട്ടനെ സ്പര്‍ശിച്ചതേ ഇല്ല. ബന്ധുക്കള്‍ സംരക്ഷണം നല്‍കിയാലും അദ്ദേഹം ഒരിടത്തും നില്‍ക്കാന്‍ തയ്യാറായില്ല… ഏകാന്തതയിലൂടെ സഞ്ചരിച്ചു കൊണ്ടേയിരുന്നു.

കൊയിലാണ്ടി ട്രാഫിക്ക് സ്റ്റേഷനടുത്തുള്ള ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ ഇരുന്ന് ബീഡി പുകക്കുന്ന അദ്ദേഹത്തെ യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോള്‍ ഒരു പാട് ക്ഷീണിച്ചിരുന്നു. കൊയിലാണ്ടി കടല്‍ തീരത്ത് കുറച്ച് കാലം സഞ്ചാരം നടത്തി. എല്ലാം ഉണ്ടായിട്ടും എല്ലാവരും ഉണ്ടായിട്ടും ബാലേട്ടന്റെ യാത്ര തനിച്ചായിരുന്നു….. കടല്‍ തീരത്ത് അസ്തമയ സൂര്യന്റെ കിരണങ്ങള്‍ ഏറ്റ് കിടക്കുന്ന മണല്‍ തരികളിലൂടെ തന്റെ ജീവിതത്തില്‍ എന്നും താങ്ങായുള്ള വടി ഊന്നി പിടിച്ച് ശാന്തനായി അദ്ദേഹം നടന്നു പോവുന്ന കാഴ്ച മായാതെ മനസിലുണ്ട്… ചിലപ്പോള്‍ തോന്നും അദ്ദേഹമാണ് ശരി… ചുറ്റും നടക്കുന്നതൊന്നും അദ്ദേഹത്തെ സ്പര്‍ശിച്ചതേയില്ല……..

വിദ്വേഷമില്ല, പകയില്ല.., പരാതിയില്ല. ആരോടും ഒന്നിനോടും.

ഈ കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ യാത്ര അവസാനിപ്പിച്ച് മറ്റൊരു ലോകത്തേക്ക് നടന്നു കയറിയപ്പോള്‍ ബാക്കിയായത് ഭാവമേതന്നറിയാത്ത ആ നിഷ്‌കളങ്കമായ മുഖവും കോടിയിലധികം മൂല്യം വരുന്ന ഭൂസ്വത്തുക്കളുമാണ്…