നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു, ഒരാള്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം


പേരാമ്പ്ര: കോണ്‍ഗ്രസിന്റെ നൊച്ചാട് മേഖല കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ആക്രമണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പനോട്ട് അബൂബക്കറിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നൊച്ചാട് ടൗണില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനവുമായി പോവുകയായിരുന്ന പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഭവം.

രണ്ടു മാസം മുമ്പാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പുതിയ ഓഫിസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും കസേരകളും തകര്‍ന്നു. പ്രദേശത്ത് ഇപ്പോളും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് പോലീസെത്തിയിട്ടുണ്ട്. പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും വിവരമുണ്ട്.