എ.കെ.ജി സെന്ററിനെതിരായ ബോംബാക്രമണം: പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനം


പേരാമ്പ്ര: തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിന് നേരെ ഇന്നലെ രാത്രിയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം പേരാമ്പ്രയില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്മദ്, ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം എസ്.കെ.സജീഷ്, ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്, സെക്രട്ടറിമാരായ വി.കെ.സുനീഷ്, സി.കെ. അശോകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ടി.പി.കുഞ്ഞനന്തന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് എ,കെ,ജി സെന്ററിന് നേരെ ബോംബേറ് നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് ഫോറന്‍സിക് സംഘം ഉള്‍പ്പെടെ പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

എ.കെ.ജി സെന്ററിനെതിരായ ആക്രമണത്തെ സി.പി.എം നേതാക്കള്‍ അപലപിച്ചു. സി.പി.എം കേരളത്തിലുടനീളം പ്രതിഷേധ പരിപാടികള്‍ നടത്തി. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു.