‘ഗാന്ധിസ്മൃതികള്‍ ഉയര്‍ത്തിപ്പിടിക്കല്‍ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം’; മുസ്ലിം യൂത്ത്ലീഗിന്റെ നേതൃത്വത്തില്‍ അരിക്കുളത്ത് ഗാന്ധിസ്‌ക്വയര്‍


അരിക്കുളം: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത്ലീഗ് അരിക്കുളത്ത് ഗാന്ധിസ്‌ക്വയര്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ നിരന്തരം കൊലചെയ്യപ്പെടുകയും ചരിത്രം വക്രീകരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഗാന്ധിസ്മൃതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും അത് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

ഗാന്ധി ഘാതകര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ഗാന്ധിദര്‍ശനങ്ങള്‍ പോലും ഇല്ലാതാക്കാനാണ് ശ്രമമെന്നും അത് നേരിടേണ്ടത് ചരിത്രം പറഞ്ഞുകൊണ്ടാണെന്നും യൂത്ത്ലീഗ് ആഹ്വാനം ചെയ്തു.

പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നിയോജകമണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് റാഷിദ് സബാന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത്ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഹൈല്‍ അരിക്കുളം അധ്യക്ഷനായി.

പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ വടക്കയില്‍, ട്രഷറര്‍ കെ.എം മുഹമ്മദ്, സെക്രറ്ററിമാരായ പൊയിലിങ്ങല്‍ അമ്മദ്, എന്‍.കെ അഷ്‌റഫ്, പി.പി.കെ അബ്ദുല്ല, യൂത്തലീഗ് നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി ശംസുദ്ധീന്‍ പി.വി, പഞ്ചായത്ത് യൂത്ത്ലീഗ് ഭാരവാഹികളായ സാദിഖ് വി.പി, ശുഹൈബ് പി.സി സുള്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി റാസില്‍ തറമല്‍ സ്വാഗതവും സ്വാലിഹ് അരിക്കുളം നന്ദിയും പറഞ്ഞു.