കൂട്ടാലിടയിൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ഓടിയെത്തി ഫയര്‍ഫോഴ്സ്, ഒഴിവായത് വലിയ ദുരന്തം


കൂട്ടാലിട: ഇന്ന് രാവിലെ കൂട്ടാലിട ടൗണിലെ ഫ്രണ്ട്സ് ഹോട്ടലില്‍ തീപിടുത്തമുണ്ടായി. പാചകത്തിനായി ഉപയോഗിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് അപകടകരമായ രീതിയില്‍ കത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്തെത്തി തീ അണച്ചതിനാല്‍ കൂട്ടാലിടയില്‍ ഓരു വലിയ ദുരന്തം ഒഴിവായി.

സിലിണ്ടറിൽ നിന്നും ഗ്യാസ് അടുപ്പിലേക്കുള്ള റ്റ്യൂബിൽ നിന്നും ഗ്യാസ് ലീക്കായാണ് തീ പിടിച്ചത്. രാവിലെ ഒമ്പതേമുക്കാലോടെ ഹോട്ടലുടമ ഗിരീഷ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഒരു സംഘം ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ പെട്ടന്ന് തന്നെ തീ അണയ്ക്കുകയായിരുന്നു. ഇതിനിടയില്‍ ഹോട്ടലില്‍ പതിനായിരം രൂപക്കടുത്ത് നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

മറ്റു കടകളും കച്ചവടക്കാരുമെല്ലാം ഉള്ള ഹോട്ടല്‍ പരിസരത്ത് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ അത് വലിയ അപകടത്തിലേക്ക് വഴിവെക്കുമായിരുന്നു. എന്നാല്‍ ഹോട്ടല്‍ ഉടമ വളരെ വേഗം ഫയര്‍ ഫോഴ്സില്‍ വിവരം നല്‍കിയതും ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലുമാണ് അത്തരം ഒരപകടം ഒഴിവാക്കിയത്.

സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന്റെ നേതൃത്വത്തില്‍ പി.പ്രദീപ്, സിധീഷ്, എൻ.എം.ലതീഷ്, രഗിനേഷ്, ജിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തിനം നടത്തിയത്.