പാവട്ട് കണ്ടി മുക്കില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വര്‍ണാഭരണം ഓട്ടോയില്‍ നഷ്ടപ്പെട്ടു; ആഭരണം കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ച് മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍


മേപ്പയ്യൂര്‍: ഓട്ടോയില്‍ നിന്നും കളഞ്ഞു കിട്ടിയസ്വര്‍ണാഭരണം ഉടമയ്ക്ക് കൊടുത്ത് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മേപ്പയ്യൂര്‍ തണ്ടയില്‍ത്താഴ മരുതിയാട്ട് മീത്തല്‍ ഷൈജുവിനാണ് ഓട്ടോയില്‍ നിന്നും കമ്മല്‍ കളഞ്ഞുകിട്ടിയത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പാവട്ട് കണ്ടി മുക്കില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയിലാണ് ഉന്തുമ്മല്‍ ജിനേഷിന്റെ മകളുടെ ആഭരണം വാഹനത്തില്‍ നഷ്ടപ്പെട്ടത്.

മകളുടെ ഡാന്‍സ് പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഓട്ടോയില്‍ പാട്ടുവെച്ചതോടെ കുട്ടി ഡാന്‍സ് ചെയ്തിരുന്നു, അതിനിടെയാവാം കമ്മല്‍ വീണുപോയതെന്ന് ഷൈജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. യാത്രക്കാര്‍ ഇറങ്ങിപ്പോയതിനുശേഷം ഓട്ടോ ട്രാക്കില്‍ ഇട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ജിനേഷിന്റെ സഹോദരന്‍ വിളിച്ച് കമ്മല്‍ നഷ്ടപ്പെട്ട കാര്യം പറയുന്നത്.

ഉടനെ ഓട്ടോയിലെ കാര്‍പ്പറ്റ് മുട്ടി നോക്കിയപ്പോള്‍ കമ്മലിന്റെ ചില ഭാഗങ്ങള്‍ കിട്ടി. അത് ജിനേഷിന്റെ കുടുംബത്തെ ഉടനെ ഏല്‍പ്പിക്കുകയും ബാക്കി ഭാഗങ്ങള്‍ ഇറങ്ങി സ്ഥലത്ത് കൂടി തെരഞ്ഞെുനോക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അവ ഓട്ടോ ഇറങ്ങിയ ഇടത്തുനിന്നും ലഭിക്കുകയും ചെയ്‌തെന്ന് ഷൈജു പറഞ്ഞു.
ആഭരണം നഷ്ടമായ കാര്യം ഓട്ടോയില്‍ മറ്റാരെങ്കിലും കയറുന്നതിനു മുമ്പ് മനസിലായത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.