ഇരുവശത്തും മണ്ണ് മൂടി, കാട് പിടിച്ചു കാല്‍നടയാത്ര പ്രയാസകരമായ റോഡ്; നാട്ടുകാരുടെ പരിശ്രമത്തിലൂടെ കാരയാട്, കാഞ്ഞിരക്കണ്ടി മുക്ക്- ആയുര്‍വ്വേദ ഡിസ്പെന്‍സറി റോഡിലിനി സുഖകരമായ യാത്ര


നടുവണ്ണൂര്‍: കാരയാട് തറമ്മല്‍ അങ്ങാടി ജനകീയ കൂട്ടായ്മയുടെയും, തറമ്മല്‍ സൗത്ത് റെസിഡന്‍സ് അസോസിയേഷന്റെയും പരിശ്രമത്തില്‍ റോഡ് പുനര്‍നിര്‍മ്മിച്ചു. തറമ്മല്‍ അങ്ങാടിയോട് ചേര്‍ന്നുള്ള, കാഞ്ഞിരക്കണ്ടി മുക്ക് – ആയുര്‍വ്വേദ ഡിസ്പെന്‍സറി റോഡാണ് പ്രദേശവാസികള്‍ സ്വന്തം ചിലവിലും അധ്വാനത്തിലും വീതി കൂട്ടി പുനര്‍നിര്‍മ്മിച്ചു മാതൃകയായത്.

ഇരുവശത്തും മണ്ണ് മൂടി, കാട് പിടിച്ചു കാല്‍നടയാത്രക്ക് പോലും പ്രയാസം നേരിട്ടിരുന്ന വീതിയില്ലാത്ത, ചെറിയ ഇടവഴിയാണ് കാട് വെട്ടി, വീതി കൂട്ടി ക്വാറി വേസ്റ്റ് ഇട്ടു ചെറിയ വാഹനങ്ങള്‍ക്ക് കൂടി കടന്നു പോകാവുന്ന റോഡായി വികസിപ്പിച്ചത്.

കാരയാട് എ.യു.പി സ്‌കൂള്‍, കാരയാട് എ എം.എല്‍.പി സ്‌കൂള്‍, അരിക്കുളം കെ.പി.എംസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ആയുര്‍വ്വേദ ഡിസ്പെന്‍സറിയിലേക്കും മറ്റും പോകാനും ഉപകരിക്കുന്ന ഈ റോഡ്, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എം കെ മുസ്തഫ, തറമ്മല്‍ അബ്ദുല്‍ സലാം, വി കെ വിജയന്‍, എന്‍ കെ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റോഡ് നിര്‍മ്മാണത്തില്‍,
കെ കെ മാധവന്‍, രാജന്‍ പുത്തന്‍ പുരയില്‍, കെ കെ അഹമ്മദ്, എ കെ ഗോപാലന്‍, കെ കെ അഭിജിത്ത്, ടി കെ വിഷ്ണു, എ കണാരന്‍, തറമ്മല്‍ അമ്മദ്, എം എസ് ദിനേശ്, കെ ടി അമ്മദ്, ടി കുട്ട്യാലി തുടങ്ങിയവരും മറ്റു
തറമ്മല്‍ സൗത്ത് റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളും റോഡ് നിര്‍മ്മാണത്തില്‍ പങ്കാളികളായി.