ശക്തമായ മഴ തുടരുന്നു, കക്കയം ഡാം റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലിലേക്ക് ഉയരുന്നു; കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം


പേരാമ്പ്ര: കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളതിനാലും കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാകലക്ടര്‍.

 

നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ വെള്ളം പുറത്ത് വിടാന്‍ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷന്‍ വയനാട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡാം സുരക്ഷയെ മുന്‍നിര്‍ത്തി ഇന്നുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിനാണിത്.

 

സെക്കന്റില്‍ 100 ക്യുബിക് മീറ്റര്‍ വരെ ജലം തുറന്നുവിടാനാണ് അനുമതി നല്‍കിയിട്ടുള്ളത്. അതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.