പേരാമ്പ്ര, വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകൾ വിഭജിക്കണം; നടുവണ്ണൂരിൽ പുതിയ സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ


കോഴിക്കോട്: പേരാമ്പ്ര, വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് ആയഞ്ചേരി, ചേമഞ്ചേരി, നടുവണ്ണൂർ, അടിവാരം പോലീസ് സ്റ്റേഷനുകൾ അനുവദിക്കണമെന്ന ആവശ്യവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൽ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തുറമുഖ, ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ പോലീസ് സംവിധാനത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ സേനയാണ് കേരള പോലീസെന്നും കുറ്റകൃത്യാന്വേഷണ രംഗത്ത് കേരളത്തിലെ പോലീസ് മികവ് തെളിയിച്ചിട്ടുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പുരാവസ്തു വകുപ്പ് മന്ത്രി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് വി.യൂസഫ് അധ്യക്ഷത വഹിച്ചു.

അഡീഷനൽ എസ്.പി. പി.എം. പ്രദീപ്, ഡി.വൈ.എസ്.പിമാരായ വി.വി. ലതീഷ്, എം.സി. കുഞ്ഞിമോയിൻ കുട്ടി, പി. പ്രമോദ്, കെ.പി.ഒ.എ. സംസ്ഥാന ജോ. സെക്രട്ടറിമാരായ പി.പി. മഹേഷ്, പി. രമേശൻ, വൈസ് പ്രസിഡന്റ് പ്രേംജി കെ. നായർ, കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി. അഭിജിത്ത്, കെ.പി.ഒ.എ. സിറ്റി ജില്ലാ പ്രസിഡണ്ട് സി. ഷൈജു എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി എ. വിജയൻ പ്രവർത്തന റിപ്പോർടും ട്രഷറർ വി.പി. ശിവദാസൻ വരവ് ചെലവ് കണക്കും ജോ. സെക്രട്ടറി പി. രാജീവൻ പ്രമേയങ്ങളും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ പി. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ജോ.കൺവീനർ എസ്.ആർ. സൂരജ് നന്ദി പറഞ്ഞു.