ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് മന്ത്രിമാര്‍, പരാതികളുമായെത്തിയത് നൂറുകണക്കിനാളുകള്‍; കൊയിലാണ്ടി താലൂക്ക് തല അദാലത്തില്‍ വന്‍ പങ്കാളിത്തം


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്തിന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ പുരോഗമിക്കുന്നു.

മുഹമ്മദ് റിയാസ്, റവന്യൂമന്ത്രി കെ.രാജന്‍, വനംമന്ത്രി എ.കെ.ശശീന്ദ്രന്‍, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്ക് അദാലത്ത് നടക്കുന്നത്. എം.എല്‍.എമാരായ സച്ചിന്‍ദേവ്, കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ എ.ഗീത, എ.ഡി.എം. പി.മുഹമ്മദ്, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലെ സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ അദാലത്ത് വേദിയിലുണ്ട്.

രാവിലെ മുതല്‍ കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. പെട്ടെന്ന് പരിഹാരം കാണാവുന്ന പ്രശ്‌നങ്ങള്‍ അദാലത്ത് വേദിയില്‍ തന്നെ പരിഹാരം നല്‍കുകയും മറ്റുള്ളവ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.