കഞ്ചാവ് കൈവശം വച്ച കേസില്‍ ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശിയെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു; പിടികൂടിയത് രണ്ട് കിലോഗ്രാം കഞ്ചാവ്


കൊയിലാണ്ടി: കഞ്ചാവ് കൈവശം വച്ച കേസില്‍ ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശിയെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മേലൂര്‍ സ്വദേശിയായ വിഷ്ണു എന്ന ഇരുപത്തിയഞ്ചുകാരനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേരള പൊലീസിന്റെ ഡാറ്റാബേസ് പരിശോധിച്ചപ്പോഴാണ് രണ്ട് കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ഇയാളുടെ പേരില്‍ പുല്‍പ്പള്ളി സ്റ്റേഷനില്‍ കേസുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും മനസിലായതെന്ന് കൊയിലാണ്ടി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഉടന്‍ വിവരം പുല്‍പ്പള്ളി പൊലീസിനെ അറിയിക്കുകയും പുല്‍പ്പള്ളി പൊലീസ് കൊയിലാണ്ടിയിലെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നര്‍ക്കോടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് നിയമത്തിലെ 20(ബി) വകുപ്പ് പ്രകാരമാണ് വിഷ്ണുവിനെതിരെ കേസെടുത്തതെന്ന് പുല്‍പ്പള്ളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ മെയ് 18 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാത്രി 11 മണിയോടെ പുല്‍പ്പള്ളിയിലെ പെരിക്കല്ലൂരില്‍ വച്ചാണ് വിഷ്ണുവിനെയും അശ്വന്തിനെയും രണ്ട് കിലോഗ്രാം കഞ്ചാവ് ഉള്‍പ്പെടെ പിടികൂടിയത്. അശ്വന്തിനെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞെങ്കിലും വിഷ്ണു ഓടി രക്ഷപ്പെടുകയും ഒളിവില്‍ പോകുകയുമായിരുന്നു.