പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്കുള്ള കോഴിയും കോഴിക്കൂടും വിതരണം നടത്തി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്


പെരുവണ്ണാമൂഴി: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്കുള്ള കോഴി – കോഴി കൂട് വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷനായ ചടങ്ങില്‍‌ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശിയുടെ നേതൃത്വത്തിലാണ് വിതരണോൽഘാടനം നടന്നത്.[mid]

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാവിഷ്ക്കരിച്ച പദ്ധതിയിൽ ഒരു ഗുണഭോക്താവിന് കോഴിക്കും കൂടിനുമായി മൊത്തം 3500 രൂപയാണ് അനുവദിച്ചത്. ഇത്തരത്തില്‍ 42 പേർക്കാണ് പദ്ധതി വഴി പ്രയോജനം ലഭിക്കുക.

കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി.രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. അതോടൊപ്പം പ്രകൃതി, കൃഷി, ചെറുധാന്യത്തിൻ്റെ പ്രാധാന്യം എന്നിവയെ സംബന്ധിച്ച ക്ലാസും സംഘടിപ്പിച്ചു.

പരിപാടിയില്‍ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ.കെ.എം പ്രകാശ് സ്വാഗതവും എസ്. ടി പ്രൊമോട്ടർ അനു എസ്. രാജ് നന്ദിയും പറഞ്ഞു.