മരണവുമായി ഒരു മണിക്കൂറോളം മുഖാമുഖം; പേരാമ്പ്രയില്‍ മതിലിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌കനെ രക്ഷിച്ചു


പേരാമ്പ്ര: പേരാമ്പ്രയില്‍ മതിലിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌കനെ രക്ഷിച്ചു. മരുതോമ്മല്‍ പരപ്പില്‍ പാറക്കുമീത്തല്‍ നാരായണക്കുറുപ്പിനെയാണ് ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയത്.

നാരായണക്കുറുപ്പിന്റെ വീടിനോട് ചേര്‍ന്നാണ് അപകടം നടന്നത്. വീടിന് സമീപം നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ ദേഹത്തേക്ക് അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന മതിലിടിഞ്ഞ് വീഴുകയായിരുന്നു.

മതിലിടിഞ്ഞ് കുടുങ്ങിയ നാരായണക്കുറുപ്പ് രക്ഷപ്പെടുത്തുന്നതു വരെ ഒരു മണിക്കൂറോളം സമയം മരണത്തെ മുഖാമുഖം കാണുകയായിരുന്നു. ശ്വാസമെടുക്കാന്‍ പോലും അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നു. വീടിന്റെ ചുമര്‍ പൊളിച്ച് മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.