രാത്രി 8.45 കഴിഞ്ഞാല്‍ സ്വകാര്യ ബസുകളില്ല; കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ബസിന് പാതിരാത്രിവരെ കാത്തിരിക്കേണ്ട അവസ്ഥയെന്ന് യാത്രക്കാര്‍


പേരാമ്പ്ര: ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ രാത്രി സമയത്തെ യാത്ര ദുരിതമാകുന്നു. രാത്രി 8.45 കഴിഞ്ഞാല്‍ ഈ റൂട്ടില്‍ സ്വകാര്യ ബസുകളില്ല. മറ്റുജില്ലകളില്‍ നിന്നും മറ്റും ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ഥിരം യാത്രക്കാരാണ് ഈ പ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നത്. സ്ത്രീകളടക്കമുള്ളവര്‍ ഇക്കാരണത്താല്‍ മണിക്കൂറുകളോളം ബസുകാത്ത് സ്റ്റാന്റിലിരിക്കേണ്ട അവസ്ഥയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.

അവസാനം പോകുന്ന സ്വകാര്യ ബസിനു പിന്നാലെ ഒരു കെ.എസ്.ആര്‍.ടി.സി ബസും പോകും. പിന്നീടുള്ള യാത്രക്കാര്‍ക്ക് കാത്തിരിപ്പ് തന്നെ ശരണം. പത്തരയ്ക്ക് തൊട്ടില്‍പ്പാലത്തേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസുണ്ട്. ചില ദിവസങ്ങളില്‍ ഈ ബസ് പണിമുടക്കിയാല്‍ പിന്നെയും കാത്തിരിക്കണം ഒരു മണിക്കൂറിലേറെ. എറണാകുളത്തുനിന്നുള്ള സൂപ്പര്‍ഫാസ്റ്റ് കെ.എസ്.ആര്‍.ടി.സി ബസാണ് പിന്നീടുള്ളത്. ഇത് എത്താന്‍ വൈകിയാല്‍ കാത്തിരിപ്പും നീളും. മാത്രമല്ല സൂപ്പര്‍ഫാസ്റ്റായതിനാല്‍ ചെലവും അധികമാണ്.

രാത്രി ഒമ്പതിനും പത്തിനുമിടയില്‍ കൂടുതല്‍ ബസുകള്‍ അനുവദിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രക്കാര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.