ഖത്തറില്‍ നിന്നും നാട്ടിലേക്കെത്തിയതിനു പിന്നാലെ കാണാതായ നാദാപുരം സ്വദേശി കുടുംബസമേതം തിരിച്ചെത്തി; കണ്ടെത്തിയത് കോഴിക്കോട് വാഹനപരിശോധനയ്ക്കിടെ


നാദാപുരം: ഖത്തറില്‍ നിന്നും നാട്ടിലേക്ക് തിരിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതിനു പിന്നാലെ കാണാതായ യുവാവ് തിരിച്ചെത്തി. നാദാപുരം സ്വദേശിയായ അനസാണ് തിരികെ എത്തിയത്. ഇന്ന് പുലര്‍ച്ചെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. അനസിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ഇയാള്‍ക്കൊപ്പം കുടുംബവുമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ ആയിരുന്നെന്ന് യുവാവ് പോലീസിനോട പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. അനസ് സ്വര്‍ണവുമായി എത്തിയ ശേഷം മാറി നില്‍ക്കുകയാണോ എന്ന സംശയമുണ്ടായിരുന്നു.

കഴിഞ്ഞ മാസം 20ന് ഖത്തറില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെ അനസിനെ കാണാനില്ല എന്നായിരുന്നു ബന്ധുക്കളുടെ പരാതി. അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം അജ്ഞാതരായ ഒരു സംഘം ആളുകള്‍ അനസിന്റെ ഭാര്യവീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ്സ് ഒരു സാധനം ഖത്തറില്‍ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാര്‍ പറയുന്നത്. മലപ്പുറം സ്വദേശികളായ ചില ആളുകള്‍ എത്തി എന്നാണ് അനസിന്റെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഖത്തറില്‍ ജോലി ചെയ്തിരുന്ന ചക്യാട് വാതുക്കല്‍ പറമ്പത്ത് റിജേഷിനെയും കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് നേരിട്ടെത്തി കോടതിയില്‍ ഹാജരാവുകയായിരുന്നു. ബംഗളുരുവില്‍ ആയിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.