കൊയിലാണ്ടിയില്‍ പൊലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ചു; പത്തോളം പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപം പൊലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാറില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. കട്ടര്‍ ഉപയോഗിച്ച് കാറിന്റെ മുന്‍ഭാഗം കട്ട് ചെയ്താണ് ഇയാളെ പുറത്തെടുത്തത്. ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

മലപ്പുറത്ത് നിന്ന് പ്രതികളുമായി കണ്ണൂരില്‍ പോയി തിരിച്ചു വരികയായിരുന്നു വാന്‍. ഇന്നോവ കാര്‍ വടകര ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.