ചങ്ങരോത്ത് നിര്‍ധന കുടുംബത്തിന്റെ വീട് കത്തി നശിച്ചു; എത്രനാളേക്കെന്നറിയാതെ വിധവയായ രാധയും കുടുംബവും താമസിക്കുന്നത് അടുത്തുള്ള വീട്ടില്‍


പേരാമ്പ്ര: ചങ്ങരോത്ത് നിര്‍ധന കുടുംബത്തിന്റെ വീട് കത്തി നശിച്ചു. പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ രാധയുടെ വീടാണ് കത്തി നശിച്ചത്. ഷീറ്റ് കൊണ്ട് മേഞ്ഞ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

മേല്‍ക്കൂര, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പേരാമ്പ്ര അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

വിധവയായ രാധയും മകനുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. കൂലിപ്പണിക്കാരനാണ് മകന്‍. രാധ തൊഴിലുറപ്പ് തൊഴിലാളിയും. നിലവില്‍ അടുത്തുള്ള വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഇനി എന്ത് എന്നുള്ള ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഈ കുടുംബം.