കൂട്ടൂകാര്‍ക്ക് കൈമാറിയത് സ്വയം നിര്‍മ്മിച്ച ആശംസ കാര്‍ഡുകള്‍; പുതുവര്‍ഷം ഹൃദ്യമാക്കി കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയത്തിലെ ബാലവേദി കൂട്ടുകാര്‍


പേരാമ്പ്ര: പുതുവര്‍ഷത്തിലെ ആദ്യദിനം ഹൃദ്യമാക്കി കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയത്തിലെ ബാലവേദി കൂട്ടുകാര്‍. സ്വയം നിര്‍മ്മിച്ച ആശംസാ കാര്‍ഡുകളാണ് ഇവര്‍ കൂട്ടുകാര്‍ക്ക് കൈമാറിയത്. ലോക ഫുട്‌ബോള്‍ പ്രവചന മല്‍സരത്തില്‍ വിജയികളായ എസ്. ദേവ മിത്ര, ശിവന്യ ഷൈജു എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും പരിപാടിയില്‍ വച്ച് കൈമാറി.

ന്യൂ ഇയര്‍ കേക്ക് മുറിച്ചു കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബാലവേദിയുടെ ഭാരവാഹികളായ ഹന ഫാത്തിമ, നൈതിക് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് കൂട്ടുകാര്‍ക്ക് നല്‍കി. പാട്ടും ഡാന്‍സുമായി കുട്ടിക്കൂട്ടം 2023 ലെ ആദ്യദിനം ഉത്സവ ലഹരിയിലാക്കി.

ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര, സെക്രട്ടറി പി. ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം എം.സുരേഷ്, വി.പി. സദാനന്ദന്‍, ലിനേഷ് ചെന്താര, സഫീറ കാര്യാത്ത്, ഒ.കെ. ആതിര, കെ.കെ. ഷൈമ എന്നിവര്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. എല്ലാ മാസവും ഇത്തരത്തിലുള്ള കൂടിച്ചേരലിന് വേദിയൊരുക്കുമെന്ന് തീരുമാനിച്ചാണ് ഇവര്‍ പിരിഞ്ഞത്.