പശുക്കളിലെ ചര്‍മ്മ മുഴ; പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍സൗജന്യമായി വാക്‌സിനേഷന്‍ നടത്തി


പേരാമ്പ്ര: പശുക്കളില്‍ ചര്‍മ്മ മുഴ പടരുന്ന സാഹചര്യത്തില്‍ പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍ സൗജന്യ വാക്‌സിനേഷന്‍ നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാനുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരമാണ് പശുക്കള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കിയത്.

രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പേരമ്പ്ര പഞ്ചായത്തിലെ കൈപ്രം ഭാഗത്ത് 75 കന്നുകാലികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തുടര്‍ ദിവസങ്ങളിലും വാക്‌സിനേഷന്‍ നല്‍കാനാണ് തീരുമാനം.

പോക്‌സ് എന്ന വൈറസാണ് രോഗം പരത്തുന്നത്. കിടാവിന്റെയും പശുക്കളുടെയും ശരീരത്തില്‍ മുഴകളും നീരും പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് ചര്‍മ്മ മുഴ. കൊതുക്, ചെള്ള് തുടങ്ങിയ പ്രാണികള്‍ വഴിയാണ് ഒരു പശുവില്‍ നിന്നും മറ്റൊരു പശുവിലേക്ക് രോഗം പകരുന്നത്.

വാക്‌സിനേഷനിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളു. പാലുല്‍പ്പാദനം കുറയുക, ഭക്ഷണം കഴിക്കാതിരിക്കുക, ദേഹത്തെ മുഴകള്‍ പൊട്ടി വ്രണമാവുക, ഈച്ച പുഴു തുടങ്ങിയവ വരിക, കിടന്നു പോവുക തുടങ്ങിയ അവസ്ഥയാണ് ഇത് മൂലം ഉണ്ടാവുക.

ഡോ. ലീന, ഡോ. ജിഷ്ണു, ഹൗസ് സര്‍ജന്മാരായ ഡോ. ഫാത്തിമ, ഡോ. അന്‍സിയ, ഡോ. അഷിത, ഡോ. അഞ്ചിമ, ഡോ. ആതിര, ഡോ. ആമി എന്നിവരാണ് വാക്‌സിനേഷന്‍ ടീമില്‍ ഉണ്ടായിരുന്നത്.