കൊയിലാണ്ടിയിലെ വിവാഹ വീട്ടില്‍ നിന്ന് കവറിടുന്ന പെട്ടി അടിച്ചുമാറ്റി കള്ളന്‍; മോഷണം പോയത് വലിയ തുക


കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്.

പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നീട് രാവിലെ നാലരയ്ക്കാണ് പെട്ടി മോഷണം പോയ വിവരം അറിയുന്നത്.

വിവാഹത്തോട് അനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നടത്തിയ പാര്‍ട്ടിയില്‍ നിരവധി പേര്‍ വന്നിരുന്നു. അതിനാല്‍ തന്നെ നഷ്ടപ്പെട്ട പെട്ടിയില്‍ വലിയ തുക ഉണ്ട് എന്നാണ് അനുമാനം. എത്ര രൂപയാണ് പോയത് എന്ന് കൃത്യമായ വിവരം ഇല്ല.

വിവാഹ ദിവസമായ ഇന്നും ഒരുപാട് പേര്‍ വരാനുള്ളതിനാല്‍ പെട്ടി വീട്ടുമുറ്റത്ത് തന്നെയാണ് വച്ചിരുന്നത്. ഇത്തരമൊരു മോഷണം കേട്ടുകേള്‍വിയില്ലാത്തതിനാല്‍ ആരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല.

പണം അടങ്ങിയ പെട്ടി മോഷണം പോയത് സംബന്ധിട്ട് വീട്ടുകാര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.