ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു, ഒപ്പം വിളക്കുകളും ഓട്ടുരുവികളും മോഷ്ടിച്ചു; കക്കോടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം. കോട്ടൂളി മാമ്പിലാംപറമ്പ് മാലാടത്ത് ക്ഷേത്രം, കക്കോടി അമ്പലത്ത്കാവ് ക്ഷേത്രം, ചേളന്നൂർ : മുതുവാട്ട്താഴം ഓട്ടൂര് രാരംവീട്ടിൽ കുലവൻദേവസ്ഥാനം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നതിനൊപ്പം വിളക്കുകൾ ഓട്ടുരുവികൾ എന്നിവ നഷ്ടമായി.

കക്കോടി അമ്പലത്ത്കാവ് ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു മോഷണം നടന്നത്. 20 കിലോ തൂക്കമുള്ള വിളക്ക്, അഞ്ച് നിലവിളക്കുകൾ, 13 ഓട്ടുരുളികൾ തുടങ്ങിയവയാണ് മോഷണം പോയത്. തിടപ്പള്ളിയുടെ പൂട്ട് പൊളിച്ച നിലയിലാണ്. ഉപദേവതകൾക്കായി തറകളിൽവെച്ച വിളക്കുകളാണ് പോയത്. മോഷ്ടാക്കളായ രണ്ടുപേരുടെ ദൃശ്യം ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ പതിഞ്ഞു. ഇവർ ക്ഷേത്രമുറ്റത്തുള്ള വലിയ ഓട്ടുവിളക്ക് ഇളക്കാൻ ശ്രമിക്കുന്നതും ഇളക്കിയെടുക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് പോകുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞു. വിളക്കിന്റെ ഒരുഭാഗവും ചെരിപ്പും മറ്റും ക്ഷേത്രമതിലിന് സമീപം കണ്ടെത്തി. അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചേവായൂർ ഇൻസ്പെക്ടർ ബിജു, എസ്.ഐ. സുരേഷ്, സ്പെഷ്യൽ ബ്രാഞ്ച്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ പരിശോധന നടത്തി.

കോട്ടൂളി മാമ്പിലാംപറമ്പ് മാലാടത്ത് ക്ഷേത്രത്തിലും വ്യാഴാഴ്ച പുലർച്ചയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലുണ്ടായിരുന്ന നാലു ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഏകദേശം 25,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ട്. നിവേദ്യങ്ങളുണ്ടാക്കുന്ന തിടപ്പള്ളിയിലും മോഷണം നടത്തിയിട്ടുണ്ട്. ഇവിടെ സൂക്ഷിച്ചിരുന്ന വലിയ ഉരുളികളും വിളക്കുകളും മോഷ്ടിക്കുകയും ശ്രീകോവിലിനുമുന്നിൽ തൂക്കിയിട്ടിരിക്കുന്ന രണ്ട് വലിയ മണികൾ മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.

ക്ഷേത്രകോമ്പൗണ്ടിനുള്ളിലെ മറ്റു മുറികളിൽ മോഷണം നടത്തിയിട്ടില്ല. ഈ മുറികളിലാണ് കൂടുതൽ വിളക്കുകളും പാത്രങ്ങളുമെല്ലാം സൂക്ഷിച്ചിരുന്നത്. ഭണ്ഡാരം പൊളിച്ചശേഷം ക്ഷേത്രത്തിന്റെ പിറകുവശത്ത് എത്തിച്ചാണ് തകർത്ത് പണം കവർന്നത്. ശ്രീകോവിലിനുമുന്നിലെ പ്രധാനഭണ്ഡാരം പൊളിക്കാൻ മോഷ്ടാവിന് കഴിഞ്ഞിട്ടില്ല. ക്ഷേത്രകോമ്പൗണ്ടിനുള്ളിൽനിന്നുതന്നെ മോഷ്ടാവ് മറന്നുവെച്ച ഹെൽമെറ്റും മോഷണത്തിനായി കൊണ്ടുവന്ന കൊടുവാളും ചുറ്റികയും ഉളിയും കണ്ടെത്തി. ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണമെടുത്തിട്ട് ഒരു മാസത്തിലധികമായി. ഈ വരുന്ന ഞായറാഴ്ച പണമെടുക്കാനിരിക്കെയാണ് മോഷണം.

പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണവിവരം അറിയുന്നത്. ഉടനെ ക്ഷേത്രം ഭാരവാഹികളെയും മെഡിക്കൽ കോളേജ് പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ സി.സി.ടി.വി.യില്ലാത്തതിനാൽ തൊട്ടടുത്ത റോഡുകളിലോ വീടുകളിലോ സി.സി.ടി.വി.യുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലു സംഭവസ്ഥലത്തെത്തി. എ.വി. ശ്രീജയയുടെ നേതൃത്വത്തിലുള്ള വിരലടയാളവിദഗ്ധർ സംഭവസ്ഥലത്ത് പരിശോധനനടത്തി. ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തിയിരുന്നു.

ചേളന്നൂർ മുതുവാട്ട്താഴം ഓട്ടൂര് രാരംവീട്ടിൽ കുലവൻദേവസ്ഥാനത്തുനിന്ന് നാല് ഓട്ടുവിളക്കുകൾ മോഷണം പോയി. നാലും അഞ്ചും കിലോഗ്രാം തൂക്കമുള്ള വിളക്കുകളാണ് പോയത്. എട്ടേരണ്ടിന് സമീപം ക്ഷേത്രത്തിൽനിന്നും വിളക്കുകൾ മോഷണംപോയി. കാക്കൂർ പോലീസ് പരിശോധന നടത്തി.

 

Summary: Theft in temples at various places in kozhikode district