വീട്ടിനകത്തേക്ക് ഓടിക്കയറി, മകളെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ കുത്തി; കൂട്ടാലിടയിൽ കാട്ടുപന്നി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. പന്നിയെ വെടിവെച്ച് കൊന്നു


നടുവണ്ണൂര്‍: വീട്ടമ്മയെ കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചു. കൂട്ടാലിട കരുവള്ളിക്കുന്നില്‍ ചെറിയതോട്ടത്തില്‍ പ്രകാശന്റെ ഭാര്യ ജിതയെ (42) ആണ് കാട്ടുപന്നി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടിനകത്തേക്ക് ഓടിക്കയറിയാണ് കാട്ടുപന്നി ആക്രമണം നടത്തിയത്. മകളെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് പന്നി ജിതയെ ആക്രമിച്ചത്. ജിതയെ കാട്ടുപന്നി കുത്തുകയായിരുന്നു.

തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറിയ കാട്ടുപന്നി തുണിത്തരങ്ങള്‍ നശിപ്പിച്ചു. മുറിയില്‍ അകപ്പെട്ട പന്നിയെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷിന്റെ അനുമതിയോടെ തോക്ക് ലൈസന്‍സുള്ള വ്യക്തി വെടിവെച്ച് കൊന്നു. പന്നിയുടെ ജഡം വനംവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മറവ് ചെയ്തു.