ഒളിമ്പ്യൻമാരെ സമ്മാനിച്ച കൂരാച്ചുണ്ട് ഗ്രാമം, അവിടെ നിന്നായിരുന്നു മയൂഖാ ജോണിയും വളർന്നത്; ഇത്തവണ പക്ഷേ കേരളത്തിൽ നിന്ന് ഒളിമ്പിക്സിന് വനിതകൾ ഇല്ല


പേരാമ്പ്ര: കൂരാച്ചുണ്ട് എന്ന മലയോര ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ സ്‌പോർട്‌സിന്റെ നെറുകയിലെത്തിയവളാണ്‌ മയൂഖ ജോണി. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി പങ്കെടുത്ത് നാടിന്റെ അഭിമാനമായവൾ. ടോക്യോയിൽ ഒളിമ്പിക്‌സ്‌ അരങ്ങേറുമ്പോൾ ഇത്തവണത്തെ വനിതകളില്ലാത്ത കേരളത്തിന്റെ നഷ്ടം വളരെ വലുതാണ്.

2012 ലെ ലണ്ടൻ ഒളിമ്പിക്‌സിലാണ്‌ മയൂഖ ഇന്ത്യക്ക് വേണ്ടി പങ്കെടുത്തത്. ട്രിപ്പിൾ ജമ്പിലായിരുന്നു മത്സരം. 2011ൽ ഒളിമ്പിക്‌സിനുള്ള പച്ചക്കൊടി കിട്ടി. തുടർന്ന്‌ ആറുമാസത്തോളം വിദേശകോച്ചിന്റെ കീഴിൽ ജർമനിയിലായിരുന്നു പരിശീലനം. അവിടെ നിന്ന് ഒളിമ്പിക്സിനായി ലണ്ടനിലേക്ക്‌. പ്രതികൂല കാലാവസ്ഥയും മറ്റും മത്സരത്തെ ബാധിച്ചെങ്കിലും ലോക താരങ്ങൾക്ക് മുന്നിൽ പതറാതെ പിടിച്ചു നിൽക്കാൻ മയൂഖയ്ക്ക് കഴിഞ്ഞു. 2016 ൽ നടന്ന ബ്രസീൽ ഒളിമ്പിക്‌സിൽ പരിക്ക്‌ തടസ്സമായി.

ഇത്തവണ കേരളത്തിൽ നിന്ന്‌ വനിതാ അത്‌ലറ്റ്‌ ഇല്ലാത്തത്‌ നിരാശാജനകമാണ്‌. ഇന്ത്യൻ അത്‌ലറ്റിക്‌സ്‌ എന്നുപറഞ്ഞാൽ കേരളത്തിലുള്ളവരുടെ പ്രകടനങ്ങളാണ്‌ ഏവരുടെയും മനസ്സിൽ നിറയുക. പി ടി ഉഷ, ഷൈനി വിൽസൺ തുടങ്ങി നിരവധിപേരുണ്ട്‌. ഒരുതവണ ഇന്ത്യൻ ടീമിൽ രണ്ടുവനിതകൾ മാത്രമായിരുന്നപ്പോൾ അതിലൊരാൾ ഷൈനി വിൽസനായിരുന്നു. ഇത്തവണ ഒരാളും യോഗ്യത നേടിയില്ല.

കൂരാച്ചുണ്ടിലെ കല്ലാനോട്‌ മാതാളി കുന്നേൽ ജോണിയുടെയും ലൂസി ജോണിയുടെയും മകളായ മയൂഖ പത്താംക്ലാസിന്‌ ശേഷമാണ്‌ സ്‌പോർട്‌സ്‌ ജീവിതത്തിന്റെ ഭാഗമാക്കുന്നത്‌. 15ാം വയസ്സിൽ പരീശീലനം പോലും നേടാതെയാണ്‌ ദേശീയചാമ്പ്യൻഷിപ്പിൽ വിജയിയായത്‌. ഇതോടെ തലശേരി സായിയിൽ പ്രവേശനം ലഭിച്ചു. ലോങ്ജമ്പും ട്രിപ്പിൾ ജമ്പും ഇഷ്ട ഇനം. 2008ൽ ചിദംബരത്തുനടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ റെക്കോഡ്‌ തിരുത്തി. കൊളംബോയിൽനടന്ന ജൂനിയർ സാഫ്‌ മീറ്റിലും സ്വർണം നേടി.