പൊളിച്ചു നീക്കിയ കടകള്‍ക്ക് പകരം പുനരധിവാസം ഉറപ്പ് നല്‍കിയവരെവിടെ? കൊയിലാണ്ടിയിലെ വ്യാപാരികള്‍ക്ക് പറയാനുള്ളത്


കൊയിലാണ്ടി: നഗരത്തില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിനായി കടകള്‍ പൊളിച്ചുനീക്കേണ്ടിവന്നവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്. മേല്‍പ്പാലത്തിനടിയില്‍ കടകള്‍ നിര്‍മിച്ച് അതിലേക്ക് പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യം. പുനരധിവാസം സംബന്ധിച്ച് വ്യാപാരികളും കളക്ടറും തമ്മില്‍ ഉണ്ടാക്കിയ ധാരണ ഇതുവരെ നടപ്പായിട്ടില്ലെന്നാണ് വ്യാപാരികളുടെ ആരോപണം.

മേല്‍പ്പാലം നിര്‍മിക്കാനായി ദേശീയപാതയോരത്തെ 19 കടക്കാരെയാണ് 2008-ല്‍ ഒഴിപ്പിച്ചത്. ഒഴിപ്പിക്കലിനെതിരെ വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തിരുന്നു. കളക്ടറായിരുന്ന ഡോ. പി.ബി.സലിം വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കോഴിക്കോട് സി.എച്ച്. മേല്‍പ്പാലത്തിനടിയില്‍ വ്യാപാരികളെ പുനരധിവസിപ്പിച്ച മാതൃകയില്‍ ഇവിടെയും ചെയ്യാമെന്ന ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയിലെ കേസ് പിന്‍വലിച്ചത്.

പാലം നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കടക്കാരുടെ പുനരധിവാസപ്രശ്‌നം പരിഹരിച്ചിട്ടില്ല.
പാലത്തിനടിയില്‍ കടകള്‍ നിര്‍മിക്കാന്‍ റെയില്‍വേയുടെ അനുമതി വേണമെന്ന സാങ്കേതികപ്രശ്‌നമാണ് പദ്ധതി നീട്ടിക്കൊണ്ടു പോകാന്‍ കാരണം.പുനരധിവാസമാവശ്യപ്പെട്ട് വ്യാപാരികള്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ സ്ഥലത്ത് വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കൊയിലാണ്ടി നഗരസഭയുടെ 2020-21 ബജറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ വാഹന പാര്‍ക്കിങ്ങിനും റെയില്‍വേയുടെ അനുമതി വേണ്ടെയെന്നാണ് വ്യാപാരികളുടെ മറുചോദ്യം.