പ്രിയതമയുടെ ഓർമയ്ക്കായ് നെസ്റ്റിന് വാഹനം സമർപ്പിച്ച് ഉസ്മാൻ ഹാജി


കൊയിലാണ്ടി: ജീവിതകാലം മുഴുവൻ തണലായി നിന്ന പ്രിയപത്നി അലീമയുടെ ഓർമ്മദിനത്തിൽ നെസ്റ്റ് കൊയിലാണ്ടിക്ക് കൈത്താങ്ങായി ഹാജി.പി.ഉസ്മാൻ (ലണ്ടൻ). കിടപ്പുരോഗികളുടെ ആവശ്യം പരിഗണിച്ച് 24 മണിക്കൂറും പരിചരണം ലഭ്യമാക്കുന്നതിനായി നെസ്റ്റ് ആരംഭിക്കുന്ന ‘എമർജൻസി ഹോംകെയർ’ വാഹനം അദ്ദേഹം നെസ്റ്റിന് സമർപ്പിച്ചു.

പുതിയ ഹോംകെയർ സംവിധാനത്തിനായി ഒരു വാഹനം ആവശ്യമാണെന്ന് വൈസ് ചെയർമാൻ അഹമ്മദ് ടോപ് ഫോമിൽ നിന്നും അറിഞ്ഞ അദ്ദേഹം പത്ത് ലക്ഷം രൂപയിലധികം വിലയുള്ള വാഹനം നൽകാൻ തയ്യാറാവുകയായിരുന്നു. 2005ൽ സാന്ത്വന പരിചരണ സേവനം ആരംഭിച്ചപ്പോൾ നെസ്റ്റിന് ആദ്യം കെയർ വാഹനം നൽകിയതും ഉസ്മാൻ ഹാജി ആയിരുന്നു.

നെസ്റ്റിൽ നടന്ന ചടങ്ങിൽ വച്ച് അഹമ്മദ് ടോപ്ഫോം, പി.കെ ശുഹൈബ് എന്നിവർ ചേർന്ന് അദ്ദേഹത്തിൽ നിന്നും വാഹനം ഏറ്റുവാങ്ങി. ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ എ.അസീസ്, മുസ്തഫ ഉസ്മാൻ, ഡോ.ഹസീന ബീഗം, ഹാരിസ് ബാഫഖി, സ്വാലിഹ് ബാത്ത, അബ്ദുൽ ഖാലിക്, മുഹമ്മദ്‌ ഹാഷിം, ഹുസൈൻ ബാഫഖി, ഷമീർ പി, കെ.ടി സലീം, എ.ഒ സതീശൻ, പി.എം അബ്ദുൽ ഖാദർ, ഷഫ്നാസ് കൊല്ലം എന്നിവർ സംസാരിച്ചു. മാനേജർ ശാന്തിനി സുമിത്ത് നന്ദി പറഞ്ഞു.