മേപ്പയൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്രയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍


മേപ്പയ്യൂർ: മേപ്പയൂരിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കായലാട്ട് നെല്ലിയുള്ളതിൽ ചന്ദ്രൻ വളർത്തുന്ന പോത്താണ് വീട്ട് പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ വീണത്. ഇന്ന് വൈകീട്ട് 5.30 നായിരുന്നു പോത്ത് അപകടത്തിൽ പെട്ടത്.

ഉടൻതന്നെ പേരാമ്പ്ര ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി വളരെ സാഹസികമായാണ് പോത്തിനെ കിണറിൽ നിന്ന് പുറത്തെത്തിച്ചത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ 8 അടിയോളം വെള്ളമുണ്ടായിരുന്നു. ആൾമറയില്ലാത്ത കിണറ്റിൽ മണ്ണിടിയുന്ന അവസ്ഥയുമായിരുന്നു.

സീനിയർ ഫയർ ആൻറ് റസ്ക്യു ഓഫീസർ കെ.ദിലീപിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയിലെ ഫയർ ആന്റ് റസ്ക്യു ഓഫീസർ കെ.കെ.ശിഖിലേഷാണ് അതിസാഹസികമായി ഹോസും റോപ്പും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയത്. വൈകീട്ട് 6.30 ഓടെ രക്ഷാപ്രവർത്തനം പൂർത്തിയായി. രക്ഷപ്പെട്ട പോത്തിന് നിസാരപരിക്കുകൾ മാത്രമേയുള്ളൂ.

സേനാംഗങ്ങളായ ഷൈജു.വി.കെ, ഷിജിത്ത്.എ, വിജീഷ്.ടി, സാരംഗ്.എസ്.ആർ, രാജേഷ്.കെ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

അടുത്ത കാലത്തായി ഇത്തരം നിരവധി അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാതലത്തിൽ ആൾമറയില്ലാത്ത അപകരമായ അവസ്ഥയിലുള്ള കിണറുകൾ കണ്ടെത്താൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ഫയർഫോഴ്സ് ഓഫീസർ കെ.ദിലീപ് പറഞ്ഞു.