മേലടി ബ്ലോക്ക് പഞ്ചായത്തിനെ സുരേഷ് ചങ്ങാടത്ത് നയിക്കും


തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സുരേഷ് ചങ്ങാടത്തിനെ തിരഞ്ഞെടുക്കാൻ സാധ്യത. തിക്കോടി ഡിവിഷനിൽ നിന്നാണ് സുരേഷ് വിജയിച്ചത്. സി.പി.ഐ.എം പയ്യോളി ഏരിയ കമ്മറ്റി അംഗവും, കർഷകസംഘം പയ്യോളി ഏരിയ സെക്രട്ടറിയുമായ സുരേഷ് പുറക്കാട് സ്വദേശിയാണ്. ഭാര്യ ഷീബ സി.പി.ഐ.എം പയ്യോളി ഏരിയ കമ്മറ്റി അംഗമാണ്. മകൻ സരോദ് വിദ്യാർത്ഥിയും, ബാലസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്.

കീഴരിയൂർ ഡിവിഷനിൽ നിന്നും വിജയിച്ച കെ.പി.ഗോപാലൻ നായരെയും പ്രസിഡണ്ട് സ്ഥാനത്തെക്ക് പരിഗണിക്കുന്നതായാണ് സൂചന. നിലവിൽ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടായ ഗോപാലൻ നായർ സി.പി.ഐ.എം നമ്പ്രത്ത്കര ലോക്കൽ കമ്മറ്റി അംഗവും, കർഷകസംഘം മേഖല പ്രസിഡണ്ടുമാണ്.

പ്രസിഡണ്ട് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക സി.പി.ഐ.എം ജില്ല കമ്മറ്റിയാണ്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.പ്രസന്നയെയാണ് തിരഞ്ഞെടുക്കുക. കൊഴക്കല്ലൂർ ഡിവിഷനിൽ നിന്നാണ് പ്രസന്ന തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല എക്സിക്യുട്ടീവ് അംഗവുമായ പ്രസന്ന നേരത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും, ഗ്രാമ പഞ്ചായത്ത് മെമ്പറായും പ്രവത്തിച്ചതിന്റെ അനുവസമ്പത്തുമായാണ് പഞ്ചായത്ത് ഭരണസമിതിയിലേക്ക് എത്തുന്നത്.

മേലടി ബ്ലോക്കിൽ ആകെയുള്ള 13 സീറ്റിൽ 9 ഉം നേടിയാണ് എൽ ഡി എഫ് ഭരണം നിലനിർത്തിയത്. കഴിഞ്ഞ തവണ എൽ ഡി എഫിന് 7 സീറ്റും, യു ഡി എഫിന് 6 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് എൽ ജെ ഡിയുടെ മുന്നണി മാറ്റത്തിന്റെ ഭാഗമായി അവരുടെ ഒരു അംഗം എൽ ഡി എഫിൽ എത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക