ട്രെയിൻ കിട്ടിയില്ല, എന്നാ പിന്നെ ആംബുലൻസിൽ പോകാം; ട്രെയിൻ കിട്ടാത്തതിനെത്തുടർന്ന് പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് സ്ത്രീകൾ യാത്ര ചെയ്തത് ആംബുലൻസിൽ, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്


പയ്യോളി: പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളെ പോലീസ് കൈയ്യോടെ പിടികൂടി. പയ്യോളിയില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോവാനായി ആംബുലന്‍സ് വിളിച്ച സ്ത്രീകളെയും ആംബുലന്‍സുമാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ആംബുലന്‍സിലാണ് ഇവര്‍ യാത്ര ചെയ്തത്.

പണം നല്‍കാം, എത്രയും പെട്ടെന്ന് എറണാകുളത്ത് എത്തിക്കണമെന്ന് പറഞ്ഞാണ് സ്ത്രീകള്‍ ആംബുലന്‍സ് വിളിച്ചത്. പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെയാണ് സ്ത്രീകള്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ഡ്രൈവര്‍മാര്‍ ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന ഇവര്‍ ഓട്ടോ മാര്‍ഗം തുറയൂരില്‍ എത്തുകയും അവിടെയുള്ള തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ എറണാകുളത്തേക്ക് യാത്ര പുറപ്പെടുകയുമായിരുന്നു.

എന്നാല്‍ ഇക്കാര്യം സ്ത്രീകളെ തുറയൂരില്‍ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവര്‍ പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരോട് വിളിച്ചു പറഞ്ഞു. ഇതിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഈ ആംബുലന്‍സിന്റെ ഫോട്ടോയും സന്ദേശവും വെച്ച് പൊലീസ്, ആര്‍.ടി.ഒ ഉള്‍പ്പടെയുളളവര്‍ക്ക് പരാതി നല്‍കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് പൊലീസ് ഇടപെട്ടുകയും ആംബുലന്‍സ് ഡ്രൈവറോട് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് എത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. അത്യാവശ്യമായി എറണാകുളത്തേക്ക് പോകേണ്ടതിനാലാണ് ആംബുലന്‍സ് വിളിച്ചതെന്ന് സ്ത്രീകള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ത്രീകളെ എറണാകുളത്തേക്ക് ബസ്സില്‍ കയറ്റി വിട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

summary: Women travel in ambulance after not getting train from Payoli to Ernakulam, caught by police