രണ്ടാം ഭാഗം എപ്പോള്‍ ഇറങ്ങുമെന്ന് ചോദിച്ച് പ്രേക്ഷകര്‍; സൂപ്പര്‍ ഹിറ്റായി മുചുകുന്നില്‍ നിന്നുള്ള ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം


കൊയിലാണ്ടി: മുചുകുന്നിലെ കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റായി. ത്രില്ലര്‍ വിഭാഗത്തിലുള്ള ‘ചങ്ങല: ഒരു നാടന്‍ ത്രില്ലര്‍’ എന്ന ഷോര്‍ട്ട് ഫിലിമാണ് വലിയ പ്രേക്ഷക പ്രശംസ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോള്‍ പുറത്തിറങ്ങുമെന്നാണ് കണ്ടുകഴിഞ്ഞ പലരും കമന്റിലൂടെ ചോദിക്കുന്നത്.

മുചുകുന്ന് സ്വദേശിയായ ശ്രീപ്രസാദ് ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. കോക്കാമ്പൂച്ച ഫ്രെയിംസ് നിര്‍മ്മിച്ച ചിത്രം നാഗാ ക്രിയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.

‘ചങ്ങല’ കാണാം:


ഓടുന്നോന്‍, ബിഗ് സല്യൂട്ട്, സഖാവിന്റെ പ്രിയസഖി, അപ്പൂപ്പന്‍താടി എന്നീ ചിത്രങ്ങളുടെ എഡിറ്ററായിരുന്ന ഹരി ജി. നായര്‍ ആണ് ‘ചങ്ങല’യുടെ എഡിറ്റിങ് നിര്‍വ്വഹിച്ചത്. നിതീഷ് സാരംഗി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ സബീഷ് V4U ആണ്.

രാഘവന്‍ മുചുകുന്ന്, ലിനീഷ് മുചുകുന്ന്, ജനാര്‍ദ്ദനന്‍ നന്തി, നന്ദകുമാര്‍ ചാലില്‍, പ്രശാന്ത് ചില്ല, രമീഷ് പി.കെ, നിമ്യ മീത്തല്‍, മകേശന്‍ നടേരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തേ മുചുകുന്നിലെ കലാകാരന്മാര്‍ ഒരുക്കിയ ‘ത്വര’ എന്ന ഷോര്‍ട്ട് ഫിലിം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. വിവിധ ഭാഷകളില്‍ നിന്നുള്ള 140 ഷോര്‍ട്ട് ഫിലിമുകളോട് മത്സരിച്ച ‘ത്വര’യ്ക്ക് സെക്കന്റ് റണ്ണര്‍ അപ്പിനുള്ള പുരസ്‌കാരം ലഭിച്ചു. ‘ത്വര’യിലെ അഭിനയത്തിന് രാഘവന്‍ മുചുകുന്നിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ‘ചങ്ങല’യുടെ അസോസിയേറ്റ് ഡയറക്ടറായ സബീഷ് ഢ4ഡ ആണ് ‘ത്വര’യുടെ സംവിധായകന്‍. ലോക്ക് ഡൗണ്‍ കാലത്ത് മുചുകുന്നിലെ കലാകാരന്മാരെ അണിനിരത്തി മകേശന്‍ നടേരി സംവിധാനം ചെയ്ത ‘വിശപ്പ്’ എന്ന ഷോര്‍ട്ട് ഫിലിമും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക