റോഡ് ഫണ്ട് ലാപ്‌സാക്കിയതിനെതിരെ മേപ്പയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ


മേപ്പയ്യൂര്‍: റോഡ് നവീകരണത്തിന് അനുവദിച്ച തുക ലാപ്‌സാക്കിയ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കമ്മിറ്റി മേപ്പയ്യൂരില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ടില്‍ നിന്ന് പഞ്ചായത്തിലെ രണ്ട്, അഞ്ച് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ജനകീയ മുക്ക്, കളരിക്കണ്ടിമുക്ക് റോഡിന് അനുവദിച്ച 21 ലക്ഷം രൂപ ലാപ്‌സാക്കിയ പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്.

മേപ്പയ്യൂര്‍, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 60 വര്‍ഷത്തിലേറെ പഴക്കമുള്ള റോഡിലൂടെ ഇന്നും വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ കഴിയുന്നില്ല. നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ധര്‍ണ്ണ മുന്‍ ഡി സി സി മെമ്പര്‍ മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് നടപടി അപലപനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം.രജീഷ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍ ,മുന്‍ പഞ്ചായത്ത് അംഗം കമല ആന്തേരി, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആന്തേരി ഗോപാലകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം ശ്യാമള, എം.പി.കുഞ്ഞി കഷ്ണന്‍ നായര്‍, പറമ്പാട്ട് സുധാകരന്‍, ഒ.എം.രാജന്‍, സി.എം.അശോകന്‍, എം.മനോഹരന്‍, കെ.പി.മൊയ്തി, ഒ.കെ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.പി.കെ.രവീന്ദ്രന്‍, കെ.പി.മൊയ്തീന്‍ ഹാജി, ആദില്‍ കാവുങ്ങാട്ട്, കേളോത്ത് ബാലകൃഷ്ണണന്‍, എന്‍.ടി.സോമന്‍ നേതൃത്വം നല്‍കി.