നൊന്തു പ്രസവിച്ചില്ല, എടുത്ത് വളർത്തിയുമില്ല, തീർത്തും അപരിചിത… ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തിയ വയോധികയ്ക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി താമരശ്ശേരി സ്വദേശിനിയായ സി.പി.എം പ്രവര്‍ത്തക നസിയ സമീര്‍


മുക്കം: ‘ചൂലൂരിലെ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാളെ കിട്ടുമോ?’ താമരശ്ശേരി സ്വദേശിനിയും സി.പി.എം പാലോറകുന്ന് ബ്രാഞ്ച് അംഗവും അധ്യാപികയുമായ നസിയാ സമീറിനെ കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ വിളിച്ച സുഹൃത്ത് ചോദിച്ചത് ഇതായിരുന്നു. ഹോം നേഴ്‌സുമാര്‍ ഉള്‍പ്പെടെ പല പരിചയക്കാരെയും നസിയ ബന്ധപ്പെട്ടെങ്കിലും ആരും സന്നിഹിതരായിരുന്നില്ല. ഇതോടെയാണ് നസിയ ആ തീരുമാനമെടുത്തത്.

മനസിലെ നന്മയ്‌ക്കൊപ്പം ആരും കൂട്ടിനില്ലാത്ത വയോധികയായ രോഗിയുടെ നിസഹായാവസ്ഥ മനസിലാക്കുക കൂടി ചെയ്തപ്പോള്‍ നസിയ സ്വയം സന്നദ്ധയാവുകയായിരുന്നു. നസിയയുടെ സഹാനുഭൂതി മനസിലാക്കിയ ഭര്‍ത്താവ് സമീറും കുടുംബാങ്ങളും അവരുടെ തീരുമാനത്തിന് പരിപൂര്‍ണ്ണപിന്തുണയുമായി ഒപ്പം നില്‍ക്കുക കൂടി ചെയ്തു.

എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളാണ് നസിയയ്ക്കുള്ളത്. മുഹമ്മദ് ദിനാനും ഫാത്തിമ ഫെബിനും. ഇരുവരെയും സ്‌കൂളിലേക്ക് അയച്ച് തിങ്കളാഴ്ച രാവിലെ തന്നെ നസിയ ആശുപത്രിയിലെത്തി.

കോട്ടയം സ്വദേശിനിയായ അറുപത്തിരണ്ടുകാരിയായിരുന്നു രോഗി. അവര്‍ക്കൊപ്പം വയോധികനായ ഭര്‍ത്താവ് മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കുകയായിരുന്നു രോഗി. അര്‍ബുദ ബാധയെ തുടര്‍ന്ന് അത് അഞ്ചാം തവണയാണ് അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നത്. ഇവരുടെ മൂന്ന് മക്കളില്‍ രണ്ട് പേര്‍ നേഴ്‌സുമാരാണ്.

ഇക്കാര്യങ്ങള്‍ അറിഞ്ഞതോടെയാണ് നസിയ ഇവര്‍ക്ക് കരുതലാവാനായി സ്വയം സന്നദ്ധയായത്. കഴിഞ്ഞ അഞ്ച് ദിവസമായി നസിയ എന്നും രാവിലെ ചൂലൂരിലെ ആശുപത്രിയിലെത്തും. രാത്രി എട്ട് മണിയോടെയാണ് തിരിച്ച് വീട്ടിലേക്ക് മടങ്ങുക. സ്‌കൂട്ടറുള്ളതിനാല്‍ യാത്രയ്ക്കും ബുദ്ധിമുട്ടില്ല.

ശനിയാഴ്ച വൈകീട്ടാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. മാര്‍ച്ച് അഞ്ചാം തിയ്യതി വീണ്ടും വരാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ മക്കള്‍ ആരും വീട്ടിലേക്ക് വിളിക്കാത്തതിനാല്‍ ഇവര്‍ ചൂലൂരിലെ സി.എച്ച് സെന്ററിലാണ് ഇപ്പോള്‍. നസിയയും ഇവര്‍ക്കൊപ്പം തന്നെയുണ്ട്. മാര്‍ച്ച് അഞ്ചിന് തുന്നലെടുക്കുന്നത് വരെ എന്നും ഇവരുടെയടുത്ത് എത്താനാണ് നസിയയുടെ തീരുമാനം.

താമരശ്ശേരി ന്യൂട്ടന്‍ ഗേറ്റ് എജ്യുക്കേഷന്‍ കോളേജില്‍ ഫാഷന്‍ ഡിസൈനിങ് ടീച്ചറാണ് നസിയ. കോവിഡ് മഹാമാരികാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നസിയയും ഭര്‍ത്താവ് സമീറും സി.പി.എം പാലോറകുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളാണ്. ഡി.വൈ.എഫ്.ഐ താമരശ്ശേരി നോര്‍ത്ത് മേഖലാ വൈസ് പ്രസിഡന്റുകൂടിയാണ് നസിയ.