പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍; ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് പൊലീസ്


പാലക്കാട്: പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച മുതലാണ് അനസിനെ കാണാതായത്. ജോലി ചെയ്യുന്ന കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീടാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.

അനസിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ചാവക്കാട് വച്ച് അനസിനെ കണ്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ചാവക്കാട് എത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു എന്ന വിവരം ലഭിച്ചത്. അനസ് വീടുവിട്ടിറങ്ങാനും മരിക്കാനുമിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.