‘ഭരണ സ്തംഭനമില്ല, പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം’; ചെറുവണ്ണൂര്‍ പഞ്ചായത്തംഗം കെ.പി ബിജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ഭരണപക്ഷ അംഗം കെ.പി ബിജു. പഞ്ചായത്തില്‍ ഭരണ സ്തംഭനം ഇല്ലെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പദ്ധതികള്‍ 98.86 ശതമാനം പൂര്‍ത്തീകരിച്ചു. നികുതി 100 ശതമാനം പിരിച്ചു. പദ്ധതി ആസൂത്രണം മറ്റെല്ലാ പഞ്ചായത്തുകളിലെയും പോലെ നടക്കുന്നുണ്ട്. മെയ് മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേ ഉള്ളൂ. ഭരണത്തെ ബാധിക്കുന്ന തരത്തിലുള്ളതല്ല അവയൊന്നും. അതിനാല്‍തന്നെ പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എല്‍.ഡി.എഫിനെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കാമെന്നാഗ്രഹിച്ചുള്ള യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്നും ബിജു പറഞ്ഞു.

ഗ്രാമസഭ അംഗീകരിച്ച മിക്ക പദ്ധതികളും നടപ്പിലാകുന്നില്ലെന്നും പഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നും ആരോപിച്ചാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 15 വാര്‍ഡാണ് ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ആകെയുള്ളത്. എട്ട് സീറ്റുകളുള്ള എല്‍.ഡി.എഫില്‍ സി.പി.എമ്മിന് അഞ്ചും സി.പി.ഐക്ക് രണ്ടും എല്‍.ജെ.ഡിക്ക് ഒരു സീറ്റുമാണുള്ളത്. കോണ്‍ഗ്രസിന് അഞ്ച്, മുസ്ലീം ലീഗിന് രണ്ട് എന്നതാണ് യു.ഡി.എഫിന്റെ കക്ഷി നില. ഒരംഗത്തിന്റെ ഭുരിപക്ഷത്തിലാണ് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നേടിയത്. അവിശ്വാസ പ്രമേയത്തില്‍ എല്‍.ഡി.എഫിലാരെങ്കിലും മാറി നില്‍ക്കുകയോ യു.ഡി.എഫിനെ പിന്തുണക്കുകയോ ചെയ്താല്‍ പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമാകും.