സ്കൂട്ടർ ബൈക്കിലിടിച്ച് റോഡിൽ വീണു; എതിരെ വന്ന കാറിടിച്ച് ദാരുണമായ മരണം; പേരാമ്പ്രയിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ


പേരാമ്പ്ര: അത്തോളി സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ പേരാമ്പ്രയിലെ വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് അത്തോളി കോതങ്കല്‍ കുയ്യാലില്‍ മീത്തല്‍ രാജന്റെ മകന്‍ അബിന്‍രാജ് പേരാമ്പ്ര കക്കാട് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

അബിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന ബൈക്കിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അബിനെ എതിര്‍വശത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

സ്‌കൂട്ടറിന്റെ പിന്നിലായിരുന്നു അബിന്‍ ഇരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.


Related News: സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് വീണത് മറികടക്കാനുള്ള ശ്രമത്തിനിടെ; വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ പേരാമ്പ്രയിലെ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം) Click Here


രാജന്റെയും അനിതയുടെയും മകനാണ് അബിന്‍. ഇരുവരും സി.പി.എം കെ.ടി.എല്‍ ബ്രാഞ്ച് അംഗങ്ങളാണ്. പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അബിന്‍.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കകയാണ്.