ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിരുന്നു, അതില്‍ ലോഹവസ്തുക്കളും ഉണ്ടായിരുന്നെന്ന് സ്വപ്‌ന സുരേഷ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമേന്തി പേരാമ്പ്രയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം


പേരാമ്പ്ര: സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യ പങ്കാളിത്തമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി കോണ്‍ഗ്രസിന്റെ പ്രകടനം. പേരാമ്പ്ര നഗരത്തിലാണ് വ്യത്യസ്തമായ രീതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. ഈ സാചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനം നടത്തിയത്.


2016ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നതെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. അന്ന് ഞാന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു.

പേരാമ്പ്രയില്‍ നടന്ന പ്രകടനത്തിന് മുനീര്‍ എരവത്ത്, രാജന്‍ മരുതേരി ,പി.കെ രാഗേഷ്, കെ.കെ വിനോദന്‍ , പി.എസ്.സുനില്‍ കുമാര്‍ , പി.എം പ്രകാശന്‍, അര്‍ജുന്‍കറ്റയാട്ട്, മോഹന്‍ദാസ് ഓണിയില്‍, വി.പി സുരേഷ്, വി.വി ദിനേശന്‍, വിനോദ് കല്ലൂര്‍, രാജന്‍ കെ.പുതിയെടുത്ത്, പി.കെ മജീദ്, രമേഷ് മഛത്തില്‍സുബീഷ്, നേതൃത്വം നല്‍കി.