മാസങ്ങളുടെ വ്യത്യാസത്തില്‍ കത്തി നശിച്ചത് രണ്ട് ഫര്‍ണീച്ചര്‍ കടകള്‍, ലക്ഷങ്ങളുടെ നഷ്ടം; ബാലുശ്ശേരിയിലെ തീപിടുത്തത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപണം


ബാലുശ്ശേരി: പുത്തൂര്‍വട്ടത്ത് ഇന്നലെ പുലര്‍ച്ചെ നടന്ന തീപിടിത്തത്തില്‍ ഫര്‍ണിച്ചര്‍ കടയും ടയര്‍ ഗോഡൗണും കത്തിനശിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഒഫ് കേരള (ഡബ്‌ളിയു.ഒ.കെ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഭരതന്‍ പുത്തൂര്‍വട്ടം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍ തീപിടിത്തമുണ്ടായത്. ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനത്തിലും പഴയ ടയര്‍ സൂക്ഷിക്കുന്ന ഇടത്തുമാണ് തീ പടര്‍ന്നത്. കൊയിലാണ്ടി, പേരാമ്പ്ര, നരിക്കുനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീ അണച്ചത്. തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപത്തെ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഉടന്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.

മാസങ്ങളുടെ വ്യതായ്‌സത്തില്‍ രണ്ടാമത്തെ തീപിടുത്തമാണ് പ്രദേശത്ത് നടക്കുന്നത്. രണ്ട് മാസം മുമ്പ് ഈ പ്രദേശത്തെ മറ്റൊരു ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു. ഇത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ഭരതന്‍ പുത്തൂര്‍വട്ടം പറഞ്ഞു. രണ്ട് തീപിടുത്തങ്ങളിലുമായി ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.