ആദ്യം ഒരു വിദ്യാര്‍ഥി കുഴിഞ്ഞുവീണു, ഈ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും; മലപ്പുറത്ത് ഡിജെ പാര്‍ട്ടിക്കിടെ ഒന്നിനുപിറകേ ഒന്നായി കുഴഞ്ഞുവീണത് പത്ത് കുട്ടികള്‍


മലപ്പുറം: കോളേജിലെ ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞുവീണു. മലപ്പുറം മഞ്ചേരി കോ ഓപ്പറേറ്റീവ് കോളേജിലെ ഫ്രഷേഴ്‌സ് ഡേയോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഭവം.

ബിരുദ വിദ്യാര്‍ഥിനികളായ പ്രതീഷ്മ (20), എം. സൂര്യ (19), നിഷിത (20), നയന (19), ജസീന (20), നന്ദന (20), നിഖില (20), ഹര്‍ഷ (20), തൗഫിയ (19), സിദ്ധി (19) എന്നിവരാണ് കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ആദ്യം ഒരു വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ഈ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. ഇതോടെ കോളജ് അധികൃതരും പരിഭ്രാന്തിയിലായി.

അധികം വൈകാതെ കൂടുതല്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണു. ഒമ്പത് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചശേഷം കൂടെ വന്ന ഒരു കുട്ടി ആശുപത്രിയില്‍ വെച്ചും കുഴഞ്ഞുവീണു. കുഴഞ്ഞുവീണ കുട്ടികളുടെ രക്തപരിശോധന നടത്തി.

കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതിനാണ് ഫ്രഷേഴ്‌സ് ഡേ നടത്തിയത്. ടാര്‍പോളിന്‍ ഉപയോഗിച്ച് പ്രത്യേക സ്ഥലം ഒരുക്കിയാണ് പാര്‍ട്ടിക്ക് സൗകര്യം ഒരുക്കിയിരുന്നത്. ഇതിനകത്ത് ചൂടും കൂടുതല്‍ സമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്ന് പറയുന്നു.

ആരുടെയും നില ഗുരുതരമല്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ശബ്ദ ക്രമീകരണത്തിനുവേണ്ടിയാണ് ടാര്‍പോളിന്‍ ഉപയോഗിച്ചു മറച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. ചില വിദ്യാര്‍ഥികള്‍ക്ക് നേരത്തേ ശാരീരിക പ്രയാസങ്ങളുമുണ്ടായിരുന്നതായും അധ്യാപകര്‍ പറഞ്ഞു.