‘ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകം’; നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കി


ബാലുശ്ശേരി: ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി സമര്‍പ്പിച്ചു. ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തിലാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മറ്റി അംഗങ്ങളും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഒ.എം.ഭരദ്വാജ്, ഷാജി തച്ചയില്‍, മിനി എന്നിവരാണ് പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനംഗം എസ്.അജയകുമാറിന് പരാതി നല്‍കിയത്.

കഴിഞ്ഞ മാര്‍ച്ച് 27 ന് രാത്രിയില്‍ കൊളത്തൂര്‍ കരിയാത്തന്‍ കോട്ടയ്ക്കല്‍ ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനിടെ ബിനീഷും മറ്റുള്ളവരുമായി വാക്കേറ്റമുണ്ടായിരുന്നു. 28 ന് രാവിലെയാണ് ബിനീഷ് അവശനിലയിലാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ വെച്ച് ശനിയാഴ്ചയോടെ മരണപ്പെടുകയായിരുന്നു.

മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നടന്നത് ആള്‍ക്കൂട്ട കൊലപാതകമാണെന്നും കാണിച്ച് ബിനീഷിന്റെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബിനീഷും ഒരു സംഘം ആളുകളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതായും വീട്ടിലെത്തിയ ഒരു വ്യക്തി കുടുബത്തെ ഓര്‍ത്തിട്ടാണ് അവനെ കൊല്ലാതെ വിട്ടതെന്ന് പറഞ്ഞിരുന്നതായും വ്യക്തമാക്കുന്നുണ്ട്. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പരാതി സ്വീകരിച്ചതിന് ശേഷം തുടരന്വേഷണത്തിന് ഡി.വൈ.എസ്.പി. എം.സി.കുഞ്ഞിമോയിന്‍ കുട്ടിയെ ചുമതലപ്പെടുത്തിയതായുള്ള മ റുപടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.